വാഷിങ്ടൺ: അമേരിക്കയിലെ ബോസ്റ്റണിലുള്ള ടഫ്റ്റ്സ് സർവകലാശാലയിൽ പഠനം നടത്തുന്ന വിദേശ വിദ്യാർത്ഥിയെ താമസ സ്ഥലത്തു നിന്ന് യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിയുടെ വിസ റദ്ദാക്കിയിട്ടുണ്ടെന്നും സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സർവകലാശാല കാമ്പസിന് പുറത്ത് മസാചുസെറ്റ്സിലെ സൊമെർവില്ലിലുള്ള അപ്പാർട്ട്മെന്റിൽ നിന്നാണ് വിദ്യാർത്ഥിയെ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടു പോയതെന്നും എന്താണ് കാരണമെന്നത് ഉൾപ്പെടെ മറ്റ് വിശദാംശങ്ങളൊന്നും വ്യക്തമല്ലെന്നുമാണ് സർവകാശാല അധികൃതർ അറിയിക്കുന്നത്.
വിദ്യാർത്ഥിയുടെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ചും വിവരങ്ങളില്ലെന്ന് സർവകലാശാല വിശദമാക്കുന്നു. അമേരിക്കൻ ഹോംലാന്റ് സെക്യൂരിറ്റി, കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ, ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് എന്നിവയിൽ നിന്നെല്ലാം വിവരങ്ങൾ തേടിയെങ്കിലും ലഭ്യമായിട്ടില്ലെന്ന് സർവകലാശാല അറിയിച്ചു. അന്താരാഷ്ട്ര കുടിയേറ്റം പരിമിതപ്പെടുത്താനും വിദേശ പൗരന്മാർ അമേരിക്കയിലേക്ക് പഠനത്തിനും ജോലിക്കും എത്തുന്നത് കർശനമായി നിയന്ത്രിക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടികൾ കൂടുതൽ വ്യാപകമാക്കുന്നതിന്റെ ഭാഗമാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പലസ്തീൻ അനുകൂല അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നവരെ ഹമാസിനെ പിന്തുണയ്ക്കുന്നുവെന്നും അമേരിക്കയുടെ വിദേശ നയത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ആരോപിച്ച് നാടുകടത്താനുള്ള നടപടികൾ സ്വീകരിക്കുകയാണ് അധികൃതർ.
https://twitter.com/DRBoguslaw/status/1904933137328570859?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1904933137328570859%7Ctwgr%5Efe301070d52c26fd5d074c766726ecdf35345bf1%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FDRBoguslaw%2Fstatus%2F1904933137328570859%3Fref_src%3Dtwsrc5Etfw
കൊളംബിയ സർവകലാശാല വിദ്യാർത്ഥിയും നിയമപ്രകാരം അമേരിക്കയിൽ സ്ഥിരതാമസാനുമതിയുമുള്ള മഹ്മൂദ് ഖലീൽ എന്നയാളെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. നടപടിയെ ചോദ്യം ചെയ്ത് അദ്ദേഹം നിയമ നടപടികൾ തുടങ്ങുകയും ചെയ്തു. താൻ ഹമാസിനെ പിന്തുണയ്ക്കുവെന്ന് തെളിവുകളൊന്നുമില്ലാതെ ആരോപിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. പലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ കൊളംബിയ സർവകലാശാലയിലെ ഒരു വിദേശ വിദ്യാർത്ഥിയെയും ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. അമേരിക്കയിൽ സ്ഥിരതാമസാനുമതിയുള്ള ഈ വിദ്യാർത്ഥിക്കെതിരായ നടപടിയും ഇപ്പോൾ കോടതി തടഞ്ഞിരിക്കുകയാണ്.
ലബനോൻ സ്വദേശിയായ ഒരു ഡോക്ടർക്ക് ഈ മാസമാണ് അമേരിക്കൻ അധികൃതർ റീ എൻട്രി വിലക്ക് ഏർപ്പെടുത്തിയത്. ഫോണിൽ ഹിസ്ബുല്ലയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ഫോട്ടോകളുണ്ടെന്ന് ആരോപിച്ചാണ് ബ്രൗൺ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ കൂടിയായ ഈ ഡോക്ടറുടെ റീ എൻട്രി തടഞ്ഞത്. ന്യൂയോർക്കിലെ കോർനെൽ സർവകലാശാലയിലെയും വാഷിങ്ടണിലെ ജോർജ്ടൗൺ സർവകലാശാലയിലെയും വിദ്യാർത്ഥികൾക്കെതിരായ നടപടികളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.