ന്യൂയോർക്ക്: കൂട്ടക്കുരുതിയെയും നിലവിലെ ആക്രമണങ്ങളെയും ന്യായീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗം ബഹിഷ്കരിച്ച് നിരവധി രാജ്യങ്ങൾ. യുഎൻ ജനറൽ അസംബ്ലിയിൽ നെതന്യാഹു പ്രസംഗിക്കുമ്പോൾ നിരവധി നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഹാൾ വിട്ടുപോയതോടെ വേദി ഏതാണ്ട് ഒഴിഞ്ഞ നിലയിലായിരുന്നു. അതേസമയം, ഹമാസിൻ്റെ ഭീഷണിയില്ലാതാകും വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. “ഇസ്രായേൽ ഗാസയിലെ തങ്ങളുടെ ദൗത്യം പൂർത്തിയാക്കും. അത് എത്രയും വേഗം ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.
വർദ്ധിക്കുന്ന ഒറ്റപ്പെടൽ; വാർ ക്രൈം കേസ്
പ്രസംഗത്തിനിടെ പലരും ഇറങ്ങിപ്പോയ സംഭവം ഗാസയിലെ യുദ്ധം തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇസ്രായേൽ നേരിടുന്ന വർദ്ധിച്ച ഒറ്റപ്പെടലാണ് സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ICC) യുദ്ധക്കുറ്റത്തിന് കേസുകൾ നേരിടുന്ന നെതന്യാഹുവിന് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെപ്പോലുള്ള ചുരുക്കം ചില അടുത്ത സഖ്യകക്ഷികൾ മാത്രമേ നിലവിലുള്ളൂ എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഗാസയിൽ പ്രകോപനപരമായ പ്രക്ഷേപണം
പ്രസംഗത്തിന് മുന്നോടിയായി, നെതന്യാഹുവിൻ്റെ നിർദ്ദേശപ്രകാരം ഇസ്രായേൽ സൈന്യം ഗാസയ്ക്ക് ചുറ്റും ഉച്ചഭാഷിണികൾ സ്ഥാപിച്ചിരുന്നു. തൻ്റെ വാക്കുകൾ ഗാസയിലുടനീളമുള്ള മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് സ്ട്രീം ചെയ്യാനും ഇസ്രായേലിൻ്റെ ഇൻ്റലിജൻസിന് നിർദ്ദേശം നൽകിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസംഗത്തിൽ ഹമാസ് നേതാക്കളോട് “കീഴടങ്ങുക, ആയുധങ്ങൾ താഴെവെക്കുക, ബന്ദികളെ മോചിപ്പിക്കുക” എന്നും ഇസ്രായേൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇറാൻ ഇസ്രയേലിനും അമേരിക്കയ്ക്കും ഭീഷണിയാണെന്നും ഇറാനെതിരായ ഉപരോധങ്ങൾ തുടരണമെന്നും നെതന്യാഹു തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.