ന്യൂയോർക്ക്: ഗാസ സമാധാന കരാർ യാഥാർത്ഥ്യമാക്കാനായതോടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അഭിനന്ദന പ്രവാഹം. ലോക രാജ്യങ്ങളിലെ നേതാക്കൾ ഫോണിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ട്രംപിനെ അഭിനന്ദിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ചാണ് ട്രംപിനെ അഭിനന്ദിച്ചത്. ഗാസ സമാധാന പദ്ധതി ചരിത്രപരം എന്നാണ് മോദി വിശേഷിപ്പിച്ചത്. ഇന്ത്യ – അമേരിക്ക വാണിജ്യ കരാറിനുള്ള സംഭാഷണത്തിന്റെ പുരോഗതിയും ചർച്ചയായെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഗാസ സമാധാന കരാർ യാഥാർത്ഥ്യമായതിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അഭിനന്ദിച്ചതായി മോദി അറിയിച്ചു. സുരക്ഷ കാബിനറ്റ് യോഗം നിറുത്തി വച്ച് നെതന്യാഹു മോദിയുടെ ഫോണെടുത്തെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം ഗാസ സമാധാന കരാറിന്റെ പേരിൽ ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണമെന്ന ആവശ്യവുമായി നെതന്യാഹു രംഗത്തെത്തിയത് ശ്രദ്ധേയമായി. ട്രംപിന്റെ ചിത്രമടക്കം പങ്കുവച്ചുകൊണ്ടാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യം മുന്നോട്ട് വച്ചത്. സമാധാന നൊബേലിന് ട്രംപ് തികച്ചും അർഹനാണെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചത്.
രണ്ട് വർഷം നീണ്ട രക്തച്ചൊരിച്ചിലിന് താൽക്കാലിക വിരാമമായി എന്നതാണ് ഗാസയിലെ സമാധാന കരാർ ലോകത്തിന് നൽകുന്ന ആശ്വാസം. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രയേലും ഹമാസും സമ്മതിക്കുകയായിരുന്നു. ട്രൂത്ത് സോഷ്യൽ പോസ്റ്റ് വഴി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് സമാധാന ധാരണയായ കാര്യം ലോകത്തെ അറിയിച്ചത്. മധ്യസ്ഥ ചർച്ചകൾക്ക് ചുക്കാൻ പിടിച്ച ഖത്തറും, ഹമാസും, പലസ്തീനും പിന്നാലെ വെടിനിർത്തൽ സ്ഥിരീകരിച്ചു. ഗാസയിലൊടുവിൽ ആശ്വാസത്തിന്റെ പുലരി എന്ന നിലയിലാണ് ലോകം ഇതിനെ കാണുന്നത്. അമേരിക്ക മുൻകൈയെടുത്ത് രൂപീകരിച്ച സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഉടൻ നടപ്പിൽ വരും. ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇസ്രയൈൽ സൈന്യം യുദ്ധം നിർത്തി നിർദ്ദിഷ്ട സ്ഥാനത്തേക്ക് പിൻവാങ്ങും. ഈജിപ്തിൽ വച്ച് വ്യാഴാഴ്ച ഉച്ചയക്ക് 2:30 ഓടെ സമാധാന കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ. ഇരുപത് ബന്ദികളെയാണ് ഹമാസ് ആദ്യഘട്ടത്തിൽ മോചിപ്പിക്കുക. പകരം രണ്ടായിരം പലസ്തീനികളെ ഇസ്രയേലും മോചിപ്പിക്കും. കരാറൊപ്പിട്ട് 72 മണിക്കൂറിനകം ബന്ദിമോചനവും, സൈനിക പിൻമാറ്റവും നടക്കും. ഇത് സമാധാന പദ്ധതിയുടെ ഒന്നാം ഘട്ടം മാത്രമാണ്.