ന്യൂയോർക്ക്: ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റ് ഭയന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്കുള്ള യാത്രയിൽ യൂറോപ്യൻ വ്യോമാതിർത്തികൾ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ സി സി)യാണ് ഗാസയിലെ കുറ്റകൃത്യങ്ങളുടെ പേരിൽ നേരത്തെ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐ സി സിയുടെ വാറണ്ട് അനുസരിച്ച് നെതന്യാഹു കാലുകുത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയിലേക്കുള്ള യാത്രയിൽ ഏറെക്കുറെ യുറോപ്യൻ പാത നെതന്യാഹു ഒഴിവാക്കിയതെന്നാണ് വ്യക്തമാകുന്നത്. ഐ24 ന്യൂസ് ചാനലിന്റെ നയതന്ത്ര ലേഖകനാ അമിച്ചായ് സ്റ്റീനാണ് നെതന്യാഹു റൂട്ട് മാറ്റിയാണ് സഞ്ചരിച്ചതെന്ന വിവരം പുറത്തുവിട്ടത്. അമിച്ചായ് സ്റ്റാൻ വെളിപ്പെടുത്തിയതനുസരിച്ച്, നെതന്യാഹുവിന്റെ വിമാനം ഫ്രഞ്ച് വ്യോമാതിർത്തി പൂർണമായും ഒഴിവാക്കിയാണ് പറന്നത്. ഗ്രീസും ഇറ്റലിയും ഒഴികെ മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ മുകളിലൂടെ വിമാനം കടന്നുപോയില്ലെന്നും ലേഖകൻ വിവരിച്ചു.
യുറോപ്യൻ റൂട്ട് മാറ്റി ‘വളഞ്ഞ വഴി’യിലൂടെ യാത്ര
വിമാനത്തിന്റെ റൂട്ട് മാപ്പ് പങ്കുവെച്ച ലേഖകന്റെ വിവരണമനുസരിച്ച്, ഫ്രഞ്ചും സ്പാനിഷും വ്യോമാതിർത്തികൾ പൂർണമായി ഒഴിവാക്കിയാണ് യാത്ര നടന്നത്. സാധാരണഗതിയിൽ നിരവധി യൂറോപ്യൻ രാജ്യങ്ങൾക്ക് മുകളിലൂടെ പറക്കേണ്ട വിമാനം മെഡിറ്ററേനിയൻ കടലിനും ജിബ്രാൾട്ടർ കടലിടുക്കിനും മുകളിലൂടെ മാത്രം പറന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റുകളും സ്ഥിരീകരിക്കുന്നുണ്ട്. ഇസ്രയേലും ഫ്രാൻസും തമ്മിൽ നല്ല ബന്ധത്തിലല്ലെന്നതും ഈ ‘വളഞ്ഞ വഴി’ തെരഞ്ഞെടുക്കാൻ നെതന്യാഹുവിനെ പ്രേരിപ്പിച്ചെന്നാണ് വ്യക്തമാകുന്നത്. യൂറോപ്യൻ വ്യോമാതിർത്തികളിലൂടെയാണെങ്കിൽ ടെൽ അവീവിൽ നിന്ന് എളുപ്പത്തിൽ ന്യൂയോർക്കിലെത്താമായിരുന്നു. അതുകൊണ്ടുതന്നെ നെതന്യാഹുവിന്‍റെ ‘വളഞ്ഞ വഴി’യുള്ള യാത്ര വലിയ ചർച്ചയായിട്ടുണ്ട്.
ഐസിസി അറസ്റ്റ് വാറണ്ട്
2024 നവംബറിലാണ് ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെ ഐ സി സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കുന്നതിനും വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനും വേണ്ടിയാണ് വ്യാഴാഴ്ച പുലർച്ചെ നെതന്യാഹു അമേരിക്കയിലേക്ക് പുറപ്പെട്ടത്. യാത്രയ്ക്ക് മുമ്പ് ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളുടെ നേതാക്കളെ കുറ്റപ്പെടുത്തുകയും ചെയ്തു. ഫ്രാൻസ്, യു കെ, കാനഡ, ഓസ്ട്രേലിയ, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ അടുത്തിടെ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു. ഇതാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചത്. നിലവിൽ ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിൽ 159 രാജ്യങ്ങളും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്.