വാഷിങ്‍ടൺ: യുഎസ് വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനയ്ക്കായി യാത്രക്കാർ ഇനി ഷൂ അഴിച്ചുമാറ്റേണ്ടതില്ല. 20 വർഷം മുൻപ് നിലവിൽ വന്ന ഈ നിയമം ഒഴിവാക്കിക്കൊണ്ടുള്ള പുതിയ നയം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. വാഷിങ്‍ടണിലെ റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ആണ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ നിയമങ്ങളിലെ മാറ്റം പ്രഖ്യാപിച്ചത്.
ഷൂവിനുള്ളിൽ നിറച്ച സ്ഫോടക വസ്തുക്കളുമായി ആക്രമണം നടത്താനെത്തിയ റിച്ചാർഡ് റീഡ് എന്നയാളെ അറസ്റ്റ് ചെയ്തതിന് അഞ്ച് വർഷത്തിന് ശേഷം, 2006 മുതലാണ് യുഎസ് വിമാനത്താവളങ്ങളിൽ സുരക്ഷാ സ്ക്രീനിംഗിനിടെ യാത്രക്കാർ ഷൂ അഴിച്ചുമാറ്റേണ്ടത് നിർബന്ധമാക്കിയത്. എന്നാൽ ഈ നയം നിലവിൽ വന്നതിന് ശേഷമുള്ള 20 വർഷത്തിനിടെ, തങ്ങളുടെ സുരക്ഷാ സാങ്കേതികവിദ്യയിൽ വലിയ മാറ്റങ്ങളുണ്ടായെന്നും നിലവിൽ സുരക്ഷയ്ക്ക് ഒരു ബഹുമുഖ സമീപനമാണ് സ്വീകരിക്കുന്നതെന്നും ക്രിസ്റ്റി നോം പറഞ്ഞു. യാത്രക്കാർക്കും സന്ദർശകർക്കും മികച്ച ആതിഥ്യം നൽകിക്കൊണ്ടുതന്നെ സുരക്ഷയുടെ അതേ നിലവാരം നിലനിർത്താൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും ക്രിസ്റ്റി നോം കൂട്ടിച്ചേർത്തു.
അൽ-ഖയ്ദ അംഗമായ റീഡിനെ 2001 ഡിസംബറിൽ പാരീസിൽ നിന്ന് മിയാമിയിലേക്ക് പോയ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ വെച്ച് ഷൂസിലെ ഫ്യൂസ് കത്തിക്കാൻ ശ്രമിച്ചപ്പോൾ മറ്റ് യാത്രക്കാർ ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. തീവ്രവാദ കുറ്റങ്ങളുൾപ്പെടെ ചുമത്തപ്പെട്ട് വിചാരണ പൂർത്തിയാക്കിയ റീഡ് നിലവിൽ കൊളറാഡോയിലെ ഒരു അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. ഷൂ അഴിക്കുന്നത് സംബന്ധിച്ച ഇളവുണ്ടെങ്കിലും മറ്റ് സുരക്ഷാ നടപടികൾ നിലനിൽക്കുമെന്ന് അധികൃതർ അറിയിച്ചു.