ടെക്സാസ്: നിർത്തിയിട്ടിരുന്ന ട്രെയിലറുകളിലേക്ക് ഇടിച്ച് കയറിയ വിമാനം അഗ്നിഗോളമായി. യാത്രക്കാർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ടെക്സാസിൽ ഞായറാഴ്ച ഉച്ച കഴിഞ്ഞുണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട വിമാനം റോഡിലൂടെ കുതിച്ചെത്തി 18 ടയറുകളുള്ള ട്രെയിലറിലും പിന്നിലുണ്ടായിരുന്ന വാഹനങ്ങളിലും ഇടിച്ച് കയറിയാണ് അപകടം. മുൻഭാഗം ഇടിച്ച് റോഡിലേക്ക് എത്തിയ വിമാനം വളരെ വേഗതയിൽ റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും അപകടത്തിൽ കൊല്ലപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് ഉയർന്ന കറുത്ത നിറത്തിലുള്ള പുകയും അഗ്നിയും വലിയ പൊട്ടിത്തെറി ശബ്ദവും വളരെ ദൂരെ വരെ കാണാനും കേൾക്കാനും സാധിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. 100 അടിയോളം ഉയരത്തിലാണ് കറുത്ത പുക ഉയർന്നതെന്നാണ് സംഭവത്തിന് ദൃക്സാക്ഷികളിലൊരാൾ പ്രതികരിക്കുന്നത്.
നൂറടിയിലേറെ ഉയരത്തിൽ പടർന്ന് പുക, അച്ഛനും മകനും സംഭവ സ്ഥലത്ത് കൊല്ലപ്പെട്ടു
ടെക്സാസിലെ ടാരന്റെ കൗണ്ടിയിലെ ഹിക്ക്സ് എയർ ഫീൽഡിന് സമീപത്തായാണ് അപകടമുണ്ടായത്. ഫോർട്ട് വോർത്ത് അലയൻസ് വിമാനത്താവളത്തിനും ഫോർട്ട് വോർത്ത് മെക്കാം വിമാനത്താവളത്തിനും ഇടയിലാണ് ഇവിടം. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബാർട്ടൻവില്ലെ സ്വദേശികളായ അച്ഛനും മകനുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഇവർ ഓടിച്ചിരുന്നു ഇരട്ട എൻജിൻ വിമാനം നിരവധി ട്രാക്ടർ ട്രെയിലറുകളിലേക്കാണ് ഇടിച്ച് കയറിയത്. ഞായറാഴ്ച ഉച്ചയ്ത്ത് 1.30ഓടെയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തേക്ക് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും പത്തോളം ട്രെയിലറുകൾ പൂർണമായി കത്തിയമർന്നിരുന്നു.
മൈക്കൽ ഡാലി, മകൻ ജോൺ ഡാലി എന്നിവർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ട്. അലയൻസ് എയർപോർട്ടിൽ നിന്നാണ് അപകടത്തിൽപ്പെട്ട വിമാനം ടേക്ക് ഓഫ് ചെയ്തത്. വിമാനത്തിൽ മറ്റ് യാത്രക്കാർ ഉണ്ടോയെന്നത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഒരു മണിക്കൂറിലേറെ സമയത്തെ പ്രയത്നത്തിന് ശേഷമാണ് സംഭവ സ്ഥലത്തെ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. സംഭവ സ്ഥലത്തിന് സമീപത്തെ പുൽമേടുകളും കത്തി നശിച്ചിട്ടുണ്ട്. സോഫ്റ്റ്വെയർ സ്ഥാപന ഉടമയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ.