ഡെൻവർ: ജനവാസമേഖലയിലേക്ക് ഭയം കൂടാതെ എത്തുന്ന കൊമ്പുള്ള മുയലുകൾ. നെറ്റി ചുളിക്കാൻ വരട്ടെ. അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിലാണ് മുഖത്തും ശരീരത്തും കൊമ്പുകളുമായി മുയലുകളെ കാണുന്നത്. സാധാരണയായി കാണാറുള്ള മുയലുകളിലെ അസാധാരണത്വം വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. എഐ ചിത്രങ്ങളാണെന്നും അടക്കമുള്ളവ സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളെ ശാസ്ത്രജ്ഞർ തള്ളിയിരിക്കുകയാണ്. വളരെ സാധാരണമായി കാണുന്ന ഒരു വൈറസ് ബാധയാണ് മുയലുകൾക്ക് കൊമ്പുകൾ പോലെയുള്ള അസാധാരണ വളർച്ച കാണാൻ കാരണമായിട്ടുള്ളത്. അമേരിക്കയിൽ സർവ സാധാരണമായി കാണുന്ന കോട്ടൺടെയിൽ മുയലുകളിൽ ഷോപ് പാപ്പിലോമ വൈറസ് അഥവാ കോട്ടൺടെയിൽ റാബിറ്റ് പാപ്പിലോമ വൈറസ് ബാധയാണ് കൊമ്പുകൾക്ക് സമാനമായ വളർച്ചയുണ്ടാവാൻ കാരണമായിട്ടുള്ളതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ഈ വൈറസ് മൂലമുള്ള വളർച്ചകൾ മുയലുകളുടെ മുഖത്തും തലയിലും മാത്രമായിരിക്കും.
കൊതുകുകളും പരസ്പരം സമ്പർക്കത്തിൽ വരുന്നതും മുയലുകളിൽ ഈ വൈറസ് ബാധ പടരുന്നതിന് കാരണമാവുന്നുണ്ട്. സാധാരണ ഗതിയിൽ വൈറസ് ബാധ മരണകാരണം ആകുന്നില്ലെങ്കിൽ കൂടിയും മുയലുകൾക്ക് കാഴ്ച തകരാറ് വരുന്നതിന് വൈറസ് കാരണമാകുന്നുണ്ട്. ഇത് ആഹാരം തേടുന്നതിൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നു. ഇത് കൂടാതെ വേട്ടക്കാരുടെ മുന്നിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കാതെ വരുകയും ചെയ്യുന്നത് മുയലുകളുടെ ജീവന് വെല്ലുവിളിയാകും. മുഖം മുഴുവൻ കൊമ്പുകൾക്ക് സമാനമായ വളർച്ച രൂപപ്പെടുന്നതോടെ മുയലുകളുടെ ഘ്രാണ ശേഷിക്കും കുറവ് വരുമെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ചില സംഭവങ്ങളിൽ ഈ വളർച്ചകൾ കാൻസർ പോലെ പ്രവർത്തിക്കാറുമുണ്ട്. രോമങ്ങൾ കുറവുള്ള മുഖം പോലുള്ള ഭാഗങ്ങളിൽ കൊതുക് അടക്കമുള്ള പ്രാണികൾ മുഖേനയാണ് വൈറസ് പടരുന്നത്.
ഇത് ആദ്യമായല്ല സൗത്ത് ഡക്കോട്ടയിൽ കൊമ്പുകളുള്ള മുയലുകളെ കാണുന്നത്. പിടികൂടിയ മുയലുകളിൽ നിന്ന് ഇത്തരം കൊമ്പുകൾ വെറ്റിനറി ഡോക്ടർമാർ നീക്കം ചെയ്യുന്നുണ്ട്. മുയലുകളിൽ നിന്ന് മനുഷ്യരിലേക്കോ മറ്റ് വിഭാഗത്തിലെ സസ്തനികളിലേക്കോ വൈറസ് ബാധ പടരുന്നില്ലെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.