ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫിന് അരികിലെത്തി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ ജോസ് ബട്‌ലറുടെ മാത്രം വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 59 പന്തില്‍ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ നായകൻ സഞ്ജു സാംസണ്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. 35 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ജയത്തോടെ എട്ട് കളികളില്‍ 14 പോയന്‍റുമായി രാജസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ തോല്‍വിയോടെ മുംബൈ ഇന്ത്യന്‍സ് എട്ട് കളികളില്‍ ആറ് പോയന്‍റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 179-9, രാജസ്ഥാന്‍ റോയല്‍സ് 18.4 ഓവറില്‍ 183-1.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 179 റണ്‍സെടുത്തത്. 45 പന്തില്‍ 65 റണ്‍സെടുത്ത തിലക് വര്‍മയായിരുന്നു മുംബൈയുടെ ടോപ് സ്കോറര്‍. നെഹാല്‍ വധേര 24 പന്തില്‍ 49 റണ്‍സെടുത്തു. രാജസ്ഥാനു വേണ്ടി സന്ദീപ് ശര്‍മ അവസാന ഓവറിലെ മൂന്ന് വിക്കറ്റ് അടക്കം നാലോവറില്‍ 18 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ട്രെന്‍റ് ബോൾട്ട് രണ്ട് വിക്കറ്റ് എടുത്തു. ഒരു വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചാഹല്‍ ഐപിഎല്‍ ചരിത്രത്തില്‍ 200 വിക്കറ്റ് തികക്കുന്ന ആദ്യ ബൗളറായി.