ടെക്സാസ്: വൻ വിവാദമായി അമേരിക്കയിലെ ടെക്സസിലുള്ള ഹനുമാൻ പ്രതിമയ്ക്കെതിരെ റിപ്പബ്ലിക്കൻ നേതാവ് അലക്സാണ്ടർ ഡങ്കൻ നടത്തിയ പരാമർശം. 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിയനെതിരെയാണ് അലക്സാണ്ടർ ഡങ്കന്റെ പരാമർശം. ക്രിസ്ത്യൻ രാജ്യത്ത് വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കുന്നത് എന്തിനാണെന്നാണ് ഡങ്കന്റെ ചോദ്യം. ഹനുമാൻ പ്രതിമയുടെ വീഡിയോ പങ്കുവച്ചാണ് റിപബ്ലിക്കൻ നേതാവിന്റെ പരാമർശം. ടെക്സാസിലെ ഷുഗർ ലാൻഡിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് 90 അടിയുള്ള ഹനുമാൻ പ്രതിമ. സമൂഹമാധ്യമങ്ങളിലെ മറ്റൊരു കുറിപ്പിൽ ബൈബിളിലെ വാക്കുകളാണ് അലക്സാണ്ടർ ഡങ്കൻ ഉപയോഗിച്ചിട്ടുള്ളത്. നിനക്ക് ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടാകരുത്. സ്വർഗത്തിലോ ഭൂമിയിലോ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയോ രൂപമോ നിങ്ങൾക്കുവേണ്ടി ഉണ്ടാക്കരുത് എന്നും മറ്റൊരു കുറിപ്പിൽ അലക്സാണ്ടർ ഡങ്കൻ പരാമർശിച്ചിട്ടുണ്ട്. വൈറലായതിന് പിന്നാലെ തന്നെ അലക്സാണ്ടർ ഡങ്കന്റെ പരാമർശങ്ങൾക്ക് നേരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
പരാതിയുമായി ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ
ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ എന്ന സംഘടന അലക്സാണ്ടർ ഡങ്കനെതിരെ റിപബ്ലിക്കൻ പാർട്ടിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. അമേരിക്കൻ ഭരണഘടന നൽകിയിരിക്കുന്ന സ്വാതന്ത്ര്യം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് അലക്സാണ്ടർ ഡങ്കനെ തിരുത്തുന്നവരും ഏറെയാണ്. നിങ്ങൾ ഹിന്ദുവല്ല എന്നതിനാൽ അത് തെറ്റാണ് എന്നില്ലെന്നും യേശുക്രിസ്തുവിനും 2000 വർഷങ്ങൾക്ക് മുൻപ് ഉള്ളതാണ് വേദങ്ങളെന്നുമാണ് സമൂഹമാധ്യമങ്ങളിലെ കുറിപ്പിന് ലഭിക്കുന്ന പ്രതികരണം. 2024 ഓഗസ്റ്റ് 18നാണ് കരുത്തിന്റെയും ഭക്തിയുടേയും സേവനത്തിന്റെയും പ്രതീകരമായി 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമ ക്ഷേത്രത്തിൽ സ്ഥാപിച്ചത്. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന പേരിലാണ് ഈ പ്രതിമ അറിയപ്പെടുന്നത്.