ന്യൂയോര്‍ക്ക്: യുക്രൈനുമായിട്ടുള്ള കലാപം അവസാനിപ്പിക്കാൻ റഷ്യ തയ്യാറായില്ലെങ്കിൽ യുദ്ധത്തിന്റെ ഗതി മാറ്റുമെന്ന സൂചന നൽകിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈന് ടോമാഹോക്ക് മിസൈലുകൾ നൽകുമെന്നാണ് ട്രംപിന്റെ ഭീഷണി. എന്താണ് ഈ ടോമാഹോക്ക് മിസൈലുകൾ എന്ന് നോക്കാം.
അമേരിക്കയുടെ പക്കലുള്ള ഏറ്റവും ശക്തിയേറിയ ആയുധമാണ് ടോമാഹോക്ക് ക്രൂയിസ് മിസൈൽ. 2,500 കിലോമീറ്റർ ദൂരെയുള്ള ടാർഗറ്റിനെ ലക്ഷ്യമിടാൻ ശേഷിയുള്ളതാണ് ഈ മിസൈലുകൾ. എല്ലാ കാലാവസ്ഥയിലും പ്രയോഗിക്കാനാകും എന്നതാണ് ടോമോഹോക്ക് മിസൈലിന്റെ ഒരു പ്രത്യേകത. 20 അടി നീളവുമുള്ള ഈ ക്രൂയിസ് മിസൈലുകളുടെ ചിറകുകൾക്ക് 6.5 അടി വിസ്തൃതിയുണ്ട്. ഏകദേശം 1,510 കിലോയാണ് ഈ മിസൈലിന്റെ ഭാരം. 1.3 മില്യൺ ഡോളറാണ് ടോമാഹോക്കിന്റെ വില.
കപ്പലുകളിൽ നിന്ന് വിക്ഷേപിക്കാവുന്ന രീതിയിലാണ് ഈ മിസൈലുകളുടെ നിർമ്മാണം. അന്തർവാഹിനികളിൽ നിന്നും ഇവ വിക്ഷേപിക്കാനാകും. വമ്പൻ സുരക്ഷാ സന്നാഹങ്ങളുള്ള വ്യോമാതിർത്തിയിൽ പോലും എതിരാളികളെ ടാർഗറ്റ് ചെയ്യാൻ ടോമാഹോക്കിന് കഴിയും. ജിപിഎസ്, ഇനേർഷ്യൽ നാവിഗേഷൻ, ടെറൈൻ കോണ്ടൂർ മാപ്പിങ് പോലെയുള്ള സംവിധാനങ്ങൾ ഈ മിസൈലുകളുടെ പ്രവർത്തനത്തിന് കൂടുതൽ കൃത്യത കൊണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ടാർഗറ്റിൽനിന്ന് മീറ്ററുകളുടെ വ്യത്യാസത്തിൽ പോലും ആക്രമണം നടത്താൻ ഇവയ്ക്ക് കഴിയും.
മറ്റ് രാജ്യങ്ങളുടെ റഡാർ സംവിധാനങ്ങൾക്ക് ടോമാഹോക്സിനെ കണ്ടെത്താൻ ബുദ്ധിമുട്ടാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 885 കിലോമീറ്റർ വേഗതയിലാണ് ഇതിന്റെ സഞ്ചാരം. വിക്ഷേപിച്ചതിന് ശേഷം ടോമാഹോക്സിന്റെ ലക്ഷ്യം മാറ്റാനും കഴിയും. ടോമാഹോക്സിന് നിരവധി വേരിയന്റുകളുമുണ്ട്. അമേരിക്കയുടെ ടോമാഹോക്ക് മിസൈലുകളെത്തിയാൽ യുക്രൈന്റെ ആക്രമണ ശേഷി കണക്കുകൂട്ടാനാകുന്നതിലും അപ്പുറമായി ഉയരും. റഷ്യയുടെ സൈനിക താവളങ്ങൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ, എയർഫീൽഡുകൾ, കമാൻഡ് സെന്ററുകൾ എന്നിങ്ങനെ ഇതുവരെ റീച്ച് ചെയ്യാൻ പറ്റാത്ത പ്രദേശങ്ങൾ ഇനിമേൽ അത്ര സുരക്ഷിതമായിരിക്കില്ലെന്ന് ചുരുക്കം.
1991ൽ ഗൾഫ് യുദ്ധത്തിലാണ് ടോമാഹോക്ക് മിസൈലുകൾ ആദ്യമായി ഉപയോഗിച്ചത്. ഇറാഖും അമേരിക്കയുടെ നേതൃത്വത്തിലുള്ള 42 രാജ്യങ്ങളുടെ സഖ്യവും തമ്മിലുള്ള പോരാട്ടത്തിൽ ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിനറെ ഭാഗമായിട്ടായിരുന്നു ഇത്. ഉപരിതല മിസൈൽ സൈറ്റുകൾ, കൺട്രോൾ സെന്ററുകൾ, ബാഗ്ദാദിലെ ഇറാഖി പ്രസിഡൻഷ്യൽ പാലസ്, വൈദ്യുത നിലയങ്ങൾ തുടങ്ങിയ അറ്റാക്ക് ചെയ്യാൻ പ്രയാസമേറിയ കേന്ദ്രങ്ങൾ അന്ന് ടോമാഹോക്സ് ഉപയോഗിച്ച് തകർത്തിരുന്നു. അമേരിക്കയും സഖ്യ സൈന്യങ്ങളും ചേർന്ന് യെമനിലെ ഹൂതി കേന്ദ്രങ്ങളിലും ടോമാഹോക്സ് പരീക്ഷിച്ചിട്ടുണ്ട്.
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പുല്ലുവില കൽപ്പിക്കാത്തതോടെ ആടിയുലഞ്ഞിരിക്കുകയാണ് അമേരിക്ക- റഷ്യ ബന്ധം. റഷ്യയ്ക്കുമേൽ അമേരിക്ക കടുത്ത ഉപരോധങ്ങളും ഏർപ്പെടുത്തി. കൂടാതെ, യുക്രൈന് വലിയ സൈനിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട് അമേരിക്ക. ടോമാഹോക്ക് മിസൈൽ കൂടി യുക്രൈന് കൈമാറിയാൽ റഷ്യ-യുക്രൈൻ യുദ്ധം മറ്റൊരു തലത്തിലേക്ക് കടക്കുമെന്ന് ഉറപ്പാണ്. യുദ്ധത്തിൽ ചൈനയുടെ പരോക്ഷ പിന്തുണ റഷ്യക്കാണ് എന്നതും ഇവിടെ ശ്രദ്ധേയമാണ്. അമേരിക്കയും ചൈനയും ഇടഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ ഇതിന്റെ പരിണിത ഫലം മറ്റൊന്നായിരിക്കും. ഈ സാഹചര്യത്തിൽ ട്രംപിന്റെ ടോമാഹോക്ക് ഭീഷണിയെ അങ്ങനെ വെറുതെ കാണാനാവില്ല.