മുംബൈ: 60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് നടിയും സംരംഭകയുമായ ശിൽപ ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തി മുംബൈ പൊലീസ്. നടിയെ ഏകദേശം 4.5 മണിക്കൂർ ചോദ്യം ചെയ്തതായും അവരുടെ മൊഴി രേഖപ്പെടുത്തിയതായും മുംബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം ചെയ്യലിനായി പൊലീസ് ശിൽപ്പാ ഷെട്ടിയുടെ വീട് സന്ദർശിച്ചതായും ഇഒഡബ്ല്യു ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ, തന്റെ പരസ്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ നടന്നതായി പറയപ്പെടുന്ന ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ശിൽപ പൊലീസിന് നൽകിയതായാണ് കാര്യം. ശിൽപ പൊലീസിന് നിരവധി രേഖകളും കൈമാറിയിട്ടുണ്ട്. ഇവ നിലവിൽ പൊലീസ് പരിശോധിച്ചുവരികയാണ്.
സെപ്റ്റംബറിൽ, മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇതേ കേസിൽ ശിൽപയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അടുത്തയാഴ്ച രാജ് കുന്ദ്രയെ അടുത്ത റൗണ്ട് ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. ശിൽപയും രാജും ചേർന്ന് തന്നെ 60 കോടിയിലധികം രൂപ തട്ടിപ്പ് നടത്താൻ ഗൂഢാലോചന നടത്തിയെന്ന് വ്യവസായി ദീപക് കോത്താരി പരാതി നൽകിയിരുന്നു. 2015 നും 2023 നും ഇടയിൽ ബിസിനസ് വിപുലീകരിക്കാനെന്ന പേരിൽ നൽകിയ പണം വ്യക്തിഗത ചെലവുകൾക്കായി ചെലവഴിച്ചുവെന്നാണ് ആരോപണം.