കാബൂൾ: അഫ്ഗാനിലെ ബഗ്രാം വ്യോമതാവളം തിരികെ വേണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം തള്ളി താലിബാൻ. ബഗ്രാം വ്യോമതാവളത്തിന്റെ കാര്യത്തിൽ ഒരു കരാർ സാധ്യമല്ലെന്നും ഒരിഞ്ച് പോലും വിട്ടുനൽകില്ലെന്നും അഫ്ഗാൻ പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിന് വടക്ക്സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ വ്യോമതാവളമായ ബഗ്രാം, താലിബാനെതിരെയുള്ള 20 വർഷത്തെ യുദ്ധത്തിൽ യുഎസ് പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു. വ്യോമതാവളം അഫ്ഗാനിസ്ഥാൻ തിരികെ നൽകിയില്ലെങ്കിൽ ശിക്ഷ നൽകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ബഗ്രാം വ്യോമതാവളം അത് നിർമ്മിച്ചവർക്ക്, അതായത് അമേരിക്കയ്ക്ക്, തിരികെ നൽകിയില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതി. പിന്നാലെ മറുപടിയുമായി താലിബാൻ രംഗത്തെത്തി.
ചിലർ രാഷ്ട്രീയ കരാറിലൂടെ താവളം തിരിച്ചുപിടിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽഅഫ്ഗാനിസ്ഥാന്റെ ഒരിഞ്ച് മണ്ണിൽ പോലും ഒരു കരാർ സാധ്യമല്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യവും പ്രദേശിക സമഗ്രതയും അങ്ങേയറ്റം പ്രധാനപ്പെട്ടതാണെന്നും അഫ്ഗാൻ സർക്കാർ മുന്നറിയിപ്പ് നൽകി. ചൈനയുമായുള്ള സാമീപ്യം ചൂണ്ടിക്കാട്ടി, താവളം നഷ്ടപ്പെട്ടതിനെ ട്രംപ് ആവർത്തിച്ച് വിമർശിച്ചിരുന്നു. ബ്രിട്ടൻ സന്ദർശനത്തിനിടെ, അമേരിക്ക വ്യോമതാവളത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചു.
2020-ലാണ് താലിബാൻ വിമതരുമായുള്ള കരാറിന്റെ ഭാഗമായി 2021 ജൂലൈയിൽ യുഎസും നാറ്റോ സൈനികരും ബഗ്രാമിൽ നിന്ന് പിൻവാങ്ങിയത്. വ്യോമശക്തി നഷ്ടപ്പെട്ടതോടെ ആഴ്ചകൾക്കുള്ളിൽ താലിബാൻ വീണ്ടും അധികാരത്തിൽ വരികയും ചെയ്തു. 1950 കളുടെ തുടക്കത്തിൽ സോവിയറ്റ് യൂണിയന്റെ സഹായത്തോടെയാണ് വ്യോമതാവളം നിർമ്മിച്ചത്. ശീതയുദ്ധകാലത്ത് യുഎസ് സഹായത്തോടെ ഇത് വികസിപ്പിച്ചു. അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് അധിനിവേശം നടത്തിയപ്പോൾ റഷ്യ വികസിപ്പിച്ചു.