ലഖ്നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കള്ളനെന്ന് തെറ്റിദ്ധരിച്ച് ദളിത് യുവാവിനെ നാട്ടുകാർ ചേർന്ന് ക്രൂരമായി തല്ലിക്കൊന്നു. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കേസിൽ ഇതു വരെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ദണ്ഡേപൂര്‍ സ്വദേശിയായ 40 വയസുകാരനായ ഹരിയോം എന്നയാളെയാണ് നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നത്. വടികളും ബെല്‍റ്റുകളും ഉപയോഗിച്ചായിരുന്നു മർദനം. ഡ്രോൺ മോഷ്ടിച്ചു എന്ന് കുറ്റപ്പെടുത്തിയാണ് നാട്ടുകാർ സംഘം ചേർന്ന് ഇയാളെ കൊന്നത്.
അതേ സമയം, ഹരിയോമിന്റെ മരണം ഉത്തർ പ്രദേശിലെ ബി ജെ പി സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഉത്തർ പ്രദേശിൽ വലിയ പ്രതിഷേധമുയരുന്നുണ്ട്. ദലിതരുടെയും അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ സർക്കാർ പരാചയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേ സമയം, സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും റായ്ബറേലി എഎസ്പി സഞ്ജീവ് കുമാര്‍ സിന്‍ഹ പറഞ്ഞു. തന്റെ ഭർത്താവിനെ കൊന്നതു പോലെ, പ്രതികൾക്കും ശിക്ഷ നൽകണമെന്ന് മരിച്ച ഹരിയോമിന്റെ ഭാര്യ പ്രതികരിച്ചു. അവരുടെ വീടുകൾ ബുൾഡോസർ കൊണ്ട് തകർക്കണം. സര്‍ക്കാരില്‍ നിന്ന് നീതി വേണമെന്നും കുടുംബം പറയുന്നു.