വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെയും കൂടിക്കാഴ്ചയെ ആശ്രയിച്ച് ഇന്ത്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റെ മുന്നറിയിപ്പ്. ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അലാസ്കയിൽ വെള്ളിയാഴ്ച നടക്കുന്ന ചർച്ചകൾ പരാജയപ്പെട്ടാൽ കൂടുതൽ ഉപരോധങ്ങൾ ഉണ്ടാകുമെന്നാണ് ബെസന്റ് സൂചിപ്പിച്ചത്.
“റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യക്കെതിരെ ഞങ്ങൾ നേരത്തെ തന്നെ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ചർച്ചകൾ നന്നായില്ലെങ്കിൽ ഉപരോധങ്ങൾ വർദ്ധിക്കാനുള്ള സാധ്യത ഞാൻ കാണുന്നു,” ബെസന്റ് പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് നേരത്തെ ഇന്ത്യക്കെതിരെ ട്രംപ് ഭരണകൂടം 25 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെ, ഇന്ത്യൻ ഉത്പന്നങ്ങൾക്കും 25 ശതമാനം നികുതി ചുമത്തിയിരുന്നു. റഷ്യയുടെ യുക്രൈൻ യുദ്ധത്തിന് ഇന്ത്യ പരോക്ഷമായി സാമ്പത്തിക സഹായം നൽകുന്നുവെന്നാണ് യുഎസ് ഭരണകൂടത്തിന്റെ ആരോപണം.
നിലവിൽ മൊത്തം 50 ശതമാനം തീരുവയാണ് ഇന്ത്യക്കെതിരെ ചുമത്തിയിട്ടുള്ളത്. ഈ തീരുമാനത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഈ നടപടി അന്യായവും ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്ന് വിശേഷിപ്പിച്ച കേന്ദ്ര സർക്കാർ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ മറ്റൊരു പ്രസ്താവനയിൽ, ഇന്ത്യയെ വ്യാപാര ചർച്ചകളിൽ ദുശ്ശാഠ്യക്കാരനായ രാജ്യമായാണ് ബെസന്റ് വിശേഷിപ്പിച്ചത്. റഷ്യയുമായുള്ള വ്യാപാര വിഷയങ്ങളെ ചൊല്ലിയും മറ്റ് ചില വിഷയങ്ങളെ ചൊല്ലിയും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ ഈ മാസം ആദ്യം തടസപ്പെട്ടിരുന്നു. ചർച്ചകൾ നിർത്തിവെക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.