വാഷിങ്ടൺ: എച്ച് 1 ബി വിസ ഫീസ് ഉയര്‍ത്തിയതില്‍ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും അമേരിക്ക ഇളവ് നല്‍കിയേക്കും. വൈറ്റ് ഹൗസ് വക്താവ് ടെയ്ലര്‍ റോജേഴ്സിനെ ഉദ്ധരിച്ച് ബ്ലൂബര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യമേഖലയില്‍ രാജ്യതാത്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ലക്ഷ്യമിട്ടാണ് ഇളവ് പരിഗണിക്കുന്നത്. മെഡിക്കല്‍ പ്രൊഫഷണലുകളുടെ കാര്യത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന രാജ്യം കൂടിയാണ് അമേരിക്ക. ആരോഗ്യമേഖലയില്‍ ഉടലെടുത്ത ആശങ്ക കൂടി കണക്കിലെടുത്താണ് യുഎസിന്‍റെ മനം മാറ്റം.
എച്ച് 1 ബി വിസ ഫീസ് ഒരുലക്ഷം ഡോളറാക്കി ഉയര്‍ത്തി കഴിഞ്ഞയാഴ്ച്ചയാണ് പ്രസിഡന്‍റ് ട്രംപ് ഉത്തരവില്‍ ഒപ്പുവെച്ചത്. പുതിയ അപേക്ഷകരെ മാത്രമാണ് വര്‍ധന ബാധിക്കുകയെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ത്യ അമേരിക്കയുടെ നിർണായക പങ്കാളിയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ പറഞ്ഞു. വിദേശകാര്യ മന്ത്രി ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റുബിയോയുടെ പ്രസ്താവന. ചർച്ചകൾ ഫലപ്രദമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.