ദക്ഷിണ ചൈനയിലും ഹോങ്കോങ്ങിലും സൂപ്പർ ടൈഫൂൺ രാഗസ ആഞ്ഞ് വീശുകയാണ്. അതിശക്തമായ കാറ്റിലും മഴയിലും ജനങ്ങൾ വലിയ ദുരിതം അനുഭവിക്കുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം ചൈനയിലെ മക്കാവു ദ്വീപിലെ തെരുവുകളില്‍ മഴയോടൊപ്പം പെയ്തിറങ്ങിയത് കൂറ്റന്‍ മത്സ്യങ്ങൾ. തെരുവുകളിലെ വീടുകൾക്കും കടകൾക്കും മീതെ കൂറ്റന്‍ മീനുകൾ മഴയൊടൊപ്പം പെയ്തിറങ്ങി. പിന്നാലെ മഴ വകവയ്ക്കാതെ തെരുവില്‍ ഇറങ്ങിയ ജനങ്ങൾ മീനുകളെ പിടിക്കാനായി ഓടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
പെയ്തിറങ്ങിയ മീനുകൾ
മക്കാവുവിലെ ആളുകൾ മത്സ്യബന്ധന വലകളും പ്ലാസ്റ്റിക് ബാഗുകളുമായി തെരുവിലൂടെ അതിശക്തമായി ഒഴുകുന്ന വെള്ളത്തില്‍ നിന്നും മീനുകളെ പിടിക്കാനുള്ള ശ്രമം നടത്തുന്നതും വീഡിയോയില്‍ കാണാം. ചില താമസക്കാർ സൈക്കിളുകളിൽ മീൻ കയറ്റുന്ന തിരക്കിലായിരുന്നു. മറ്റ് ചിലര്‍ ജീവിതത്തില്‍ ഈ ആദ്യമായി കൈ നനയാതെ കൂറ്റന്‍ മീനുകളെ പിടിച്ചതിന്‍റെ സന്തോഷം പങ്കുവയ്ക്കുന്നതിനായി സെല്‍ഫികൾ എടുക്കുന്ന തിരക്കിലായിരുന്നു.
https://twitter.com/i/status/1970950042640056702
വീഡിയോകളില്‍ നിരവധി പേരെ കാണാം. എല്ലാവരും റോഡിലൂടെ കുത്തിയൊഴുകുന്ന കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. ചില പ്രദേശങ്ങളില്‍ ചെറിയ മീനുകള്‍ കൂട്ടത്തോടെ വീണപ്പോൾ മറ്റ് ചില പ്രദേശങ്ങളില്‍ വലിയ മീനുകളാണ് വീണതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. തെരുവുകളില്‍ കൂടിക്കിടക്കുന്ന മത്സ്യങ്ങളെ നീക്കാനായി ബുൾഡോസറുകള്‍ ഉപയോഗിക്കുന്നതും വീഡിയോകളില്‍ കാണാം.
പ്രതികരണം
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കുറിപ്പുമായെത്തിയത്. രാഗസ കൊടുങ്കാറ്റ് ജനങ്ങൾക്ക് ദുരിതം മാത്രമല്ല തീന്‍മേശയും നിറച്ചെന്ന് ഒരു കാഴ്ചക്കാരനെഴുതി. മക്കാവോയിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ… എല്ലാവരും മത്സ്യത്തൊഴിലാളികളാകുന്നു. രാഗസ ചുഴലിക്കാറ്റ് തെരുവുകളെ സമുദ്രവിഭവ ബുഫെകളാക്കി മാറ്റി. ആര്‍ക്കും റിസർവേഷൻ ആവശ്യമില്ലെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. എല്ലാവർക്കും സൗജന്യ മത്സ്യം! . കടുത്ത വെള്ളപ്പൊക്കത്തിന് ശേഷം അത്താഴത്തിന് മീന്‍ വിഭവങ്ങളെന്നായിരുന്നു മറ്റൊരു കുറിപ്പ്. മക്കാവുവിൽ മാത്രമായിരുന്നില്ല അപ്രതീക്ഷിത മത്സ്യ വീഴ്ചയുണ്ടായത്. തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ ഷാങ്‌ഷൗവിൽ നിന്നും സമാനമായ വീഡിയോകൾ പങ്കുവയ്ക്കപ്പെട്ടു.
നാശം വിതച്ച് രാഗസ ചുഴലിക്കാറ്റ്
ഈ വർഷം ഇതുവരെ വീഴിയടിച്ചതില്‍ ലോകത്തിലെ ഏറ്റവും ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് രാഗസ. കഴിഞ്ഞ ബുധനാഴ്ചയാണ് തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ കരയിലേക്ക് രാഗസ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് ഹോങ്കോങ്ങും കടന്ന് തായ്‌വാനിൽ 14 പേരുടെ മരണത്തിനിടയാക്കി. 20 ലധികം പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്. ഹോങ്കോങ്ങിൽ 100-ലധികം പേർക്ക് പരിക്കേറ്റു. 900-ലധികം താമസക്കാർക്കായി 50 താൽക്കാലിക ഷെൽട്ടറുകൾ തുറന്നു. കഴിഞ്ഞയാഴ്ച പസഫിക് സമുദ്രത്തിൽ രൂപം കൊണ്ട രാഗസ അതിവേഗമാണ് ശക്തി പ്രാപിച്ചത്, മണിക്കൂറിൽ 260 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്ന ഒരു കാറ്റഗറി 5 സൂപ്പർ ടൈഫൂണായി മാറി. ആദ്യം ഫിലിപ്പീൻസിലും പിന്നീട് തായ്‌വാനും ഹോങ്കോങ്ങും കടന്ന് ചൈനയിലും രാഗസ വലിയ നാശം വിതച്ചു. നിലവില്‍ തീവ്ര ചുഴലിക്കാറ്റായി വിയറ്റ്നാമില്‍ വീശിയടിക്കുകയാണ് രാഗസ.