പെർത്ത്: പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ പെർത്തിലെ മലയോര മേഖലകളിൽ കാട്ടുതീ പടരുന്നു. ജനവാസ മേഖലകളിലേക്ക് തീ പടരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾക്ക് അടിയന്തര ജാഗ്രതാനിർദ്ദേശം നൽകി. തീ നിയന്ത്രണാതീതമായതോടെ പലായനം ചെയ്യാനുള്ള പ്രധാന വഴികളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ബീച്ചിന , ചിഡ്‌ലോ , വൂരൂലൂ എന്നീ പ്രദേശങ്ങളെയാണ് തീ പ്രധാനമായും ബാധിച്ചത്. ഏകദേശം 70 ഹെക്ടറിലധികം പ്രദേശം ഇതിനോടകം കത്തിയമർന്നു. ചില കൃഷിയിടങ്ങളും പഴയ കെട്ടിടങ്ങളും കത്തിനശിച്ചതായാണ് റിപ്പോർട്ട്. എന്നാൽ വീടുകൾക്കൊന്നും ഇതുവരെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന യന്ത്രങ്ങളിൽ നിന്നുണ്ടായ തകരാറാണ് തീപിടുത്തത്തിന് കാരണമായതെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഫയർ ആൻഡ് എമർജൻസി സർവീസസ് അറിയിച്ചു. നിലവിൽ 160-ഓളം അഗ്നിശമന സേനാംഗങ്ങളും 50-ഓളം യൂണിറ്റുകളും തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.
കാട്ടുതീയെത്തുടർന്ന് ഗ്രേറ്റ് ഈസ്റ്റേൺ ഹൈവേ ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ അടച്ചു. ഗ്രേറ്റ് സതേൺ ഹൈവേയ്ക്കും ഓൾഡ് നോർത്താം റോഡിനും ഇടയിലുള്ള ഭാഗത്താണ് ഗതാഗത നിയന്ത്രണമുള്ളത്. പ്രദേശവാസികൾ പുറത്തിറങ്ങരുതെന്നും വാർത്താ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.
വൈകുന്നേരത്തോടെ തീയുടെ വേഗത കുറഞ്ഞതിനെത്തുടർന്ന് ബീച്ചിനയിലെ അടിയന്തര മുന്നറിയിപ്പ് ‘വാച്ച് ആൻഡ് ആക്ട്’ നിലവാരത്തിലേക്ക് താഴ്ത്തിയിട്ടുണ്ട്. മുണ്ടറിംഗ് അരീനയിൽ സജ്ജീകരിച്ചിരുന്ന എമർജൻസി സെന്റർ ഇതിനെത്തുടർന്ന് അടച്ചു. എങ്കിലും കാറ്റിന്റെ ഗതി മാറാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത തുടരാനാണ് അധികൃതരുടെ തീരുമാനം.































