മലയാള സിനിമ പ്രേമികളുടെ എക്കാലത്തെയും ഇഷ്ട നായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ. നിരവധി സിനിമകൾ മോളിവുഡിന് സമ്മാനിച്ച നടി ഒരിടവേളയെടുത്തെങ്കിലും പിന്നീടുള്ള വരവിനെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. തുടർന്ന് ‘അസുരൻ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാസ്വദകരുടെ ഇടയിലും മഞ്ജു വാര്യർ സ്ഥാനം നേടി. നടിയുടെ ഏറ്റവും പുതിയ ചിത്രം ‘തുണിവി’ ലൂടെ വീണ്ടും തമിഴ് സിനിമയിൽ ഇടം നേടുകയാണ് താരം.
അസുരൻ സിനിമയിലൂടെയാണ് തമിഴ് സിനിമയിൽ എത്തുന്നതെങ്കിലും നിരവധി ഓഫറുകൾ നേരത്തേ മുതലെ കോളിവുഡിൽ നിന്ന് വന്നിരുന്നുവെന്നാണ് നടി പറയുന്നത്. മലയാളത്തിൽ തുടർച്ചയായി സിനിമകൾ വന്നിരുന്നതിനാൽ, ഹിറ്റ് ചാർട്ടിൽ ഇടം നേടിയ പല സിനിമകളിൽ നിന്ന് ഒഴിവാകേണ്ടി വന്നു എന്നും മഞ്ജു വാര്യർ പറഞ്ഞു. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യരുടെ പ്രതികരണം.
‘അസുരന് മുമ്പും ഒരുപാട് തമിഴ് സിനിമകളില്‍ നിന്ന് സിനിമകൾ വന്നിട്ടുണ്ടായിരുന്നു. കുറേ ഓഫര്‍ ലഭിച്ചു. പക്ഷെ പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. മലയാളത്തില്‍ ആ സമയത്ത് തുടർച്ചയായി സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ ഡേറ്റിന്റെ പ്രശ്‌നമാണ് കൂടുതല്‍ വന്നിരുന്നത്. ‘കണ്ടുകൊണ്ടേയ്ന്‍ കണ്ടുകൊണ്ടേയ്ന്‍’ ആണ് ഇപ്പോള്‍ പെട്ടെന്ന് ഓര്‍മ വരുന്നത്. അതിലെ ഞാൻ ചെയ്യേണ്ടിയിരുന്ന കഥാപാത്രം ഐശ്വര്യ റായ് ചെയ്തു.’
‘ഇന്ന് എനിക്ക് അതുകൊണ്ട് അങ്ങനെ പറയാന്‍ പറ്റുമല്ലോ. അതിന്റെ സംവിധായകന്‍ ആദ്യം എന്നെ ആയിരുന്നു സമീപിച്ചത്. എന്നെ എപ്പോള്‍ വേണെങ്കിലും സിനിമക്ക് വേണ്ടി സമീപിക്കാവുന്നതാണ്. എത്തിപ്പെടാൻ പറ്റുന്നില്ല, കോണ്ടാക്ട് ചെയ്യാന്‍ പറ്റുന്നില്ല എന്ന പരാതിയൊന്നും ആര്‍ക്കും ഇല്ല. അതൊന്നും ഞാന്‍ അധികം ആരും പറഞ്ഞ് കേട്ടിട്ടില്ല’, മഞ്ജു വാര്യര്‍ കൂട്ടിച്ചേർത്തു.
രാജീവ് മേനോന്‍ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ ചിത്രമാണ് കണ്ടുകൊണ്ടേയ്ന്‍ കണ്ടുകൊണ്ടേയ്ന്‍. മമ്മൂട്ടി, അജിത്ത് കുമാര്‍, ഐശ്വര്യ റായ്, തബു, അബ്ബാസ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയില്‍ ഐശ്വര്യ റായ് അവതരിപ്പിച്ചത് മീനാക്ഷി എന്ന കഥാപാത്രത്തെയാണ്. ഗായികയായ മീനാക്ഷിയും മമ്മൂട്ടി കഥാപാത്രം ബാലയുമായുള്ള പ്രണയം ഇന്നും പ്രേക്ഷകർക്കരുടെ ഇഷ്ട രംഗങ്ങളാണ്.
Story Highlights: Aishwarya Rai acted in that film instead of me; Manju Warrier About tamil movies