ജക്കാര്‍ത്ത: ഒരു മാസത്തോളം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അലയുകയായിരുന്ന 185 ഓളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഇന്തോനേഷ്യ തീരത്ത് എത്തിച്ചേര്‍ന്നു. ആഴ്ച്ചകളോളം നീണ്ട അപകടകരമായ യാത്രയില്‍ ഏതാണ്ട് 26 ഓളം പേര്‍ മരിച്ചതായി യുഎന്‍ ഏജന്‍സി അറിയിച്ചു. തിങ്കളാഴ്ച ഇന്തോനേഷ്യന്‍ പ്രവിശ്യയായ ആഷെയിലാണ് തടി ബോട്ടില്‍ സഞ്ചരിച്ച യാത്രക്കാര്‍ എത്തിച്ചേര്‍ന്നത്. ഏതാണ്ട് 200 ഓളം അഭയാര്‍ത്ഥികളുമായാണ് തടി ബോട്ട് മ്യാന്മറില്‍ നിന്നും യാത്ര ആരംഭിച്ചത്.
റോഹിങ്ക്യന്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും തിങ്ങിനിറഞ്ഞ തടി മത്സ്യബന്ധന ബോട്ട് നവംബര്‍ 25 നാണ് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും യാത്ര ആരംഭിച്ചിരുന്നതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്തോനേഷ്യയില്‍ എത്തിചേര്‍ന്ന അഭയാര്‍ത്ഥികളില്‍ മിക്കവരും ദുര്‍ബലരും ക്ഷീണിതരുമാണ്. കടലിലൂടെയുള്ള ഏതാണ്ട് ഒരു മാസം നീണ്ട യാത്രയ്ക്കിടെ കടല്‍ച്ചൊരുക്കും നിര്‍ജ്ജലീകരണവും ഭക്ഷണത്തിന്റെ ദൗര്‍ബല്യവും മൂലമാണ് ഇത്രയേറെ അഭയാര്‍ത്ഥികള്‍ മരിച്ചതെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡിസംബര്‍ 4 ന് എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് കപ്പല്‍ മലേഷ്യന്‍ കടലില്‍ നിന്ന് പടിഞ്ഞാറ് ഇന്തോനേഷ്യന്‍ കടലിലേക്കും തുടര്‍ന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപമുള്ള ഇന്ത്യന്‍ കടലിലേക്കും നീങ്ങാന്‍ തുടങ്ങിയിരുന്നു. അഭയാര്‍ഥികളെ സഹായിക്കണമെന്ന് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി ഇന്ത്യന്‍ ഇന്തോനേഷ്യന്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് ഇന്ത്യന്‍ കപ്പലുകള്‍ ബോട്ടിനെ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒടുവില്‍ തിങ്കളാഴ്ച രാത്രിയാണ് ബോട്ട് ഇന്തോനേഷ്യയില്‍ ഇറക്കാന്‍ അനുമതി ലഭിച്ചത്. എത്തിച്ചേര്‍ന്ന അഭയാര്‍ത്ഥി സംഘത്തില്‍ 83 മുതിര്‍ന്ന പുരുഷന്മാരും 70 മുതിര്‍ന്ന സ്ത്രീകളും 32 കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
Story Highlights: Adrift for month, Rohingya boat docks in Indonesia