ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ട് മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ സമാപിക്കുമ്പോൾ, രജിനി കൃഷ്ണൻ, മദനകുമാർ, ജാഗൃതി പെൻകർ, സർവേഷ് ബല്ലപ്പ എന്നിവർ അവരവരുടെ കാറ്റഗറിയിൽ ചാമ്പ്യൻഷിപ് നേടി.
പ്രീമിയർ പ്രോ-സ്റ്റോക്ക് 301സിസിമുതൽ 400സിസി ഓപ്പൺ കാറ്റഗറിയിൽ ചാമ്പ്യൻഷിപ് നേടാൻ രജിനി കൃഷ്ണന് ഒരു പോയിന്റുമാത്രമാണ് ആവശ്യമുണ്ടായിരുന്നത്. ഫൈനൽ റേസിൽ ജയിച്ചില്ലെങ്കിലും ആ ഒരു പോയിന്റ് രജിനിക്ക് കിട്ടുമായിരുന്നു. അതുകൊണ്ടാണ് റിസ്ക് എടുക്കാതെ മനപ്പൂർവം നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്തതെന്ന് 41 വയസ്സുകാരനായ രജിനി പറഞ്ഞു. ഇതോടെ 11 പ്രാവശ്യം നാഷണൽ ചാമ്പ്യനാവുകയാണ് രജിനി. ഈ വർഷത്തെ ചാമ്പ്യൻഷിപ്പിൽ രജിനിയുടേതാണ് ഏറ്റവും കുറഞ്ഞ ലാപ് ടൈം. ഫൈനൽ റേസിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം പെട്രോണാസ് ടിവിഎസ് റേസിങ്ങിന്റെ കെ വൈ അഹമ്മദ്, ജഗൻകുമാർ, ദീപക് രവികുമാർ എന്നിവർ കരസ്ഥമാക്കി.
സർവേഷ് ബല്ലപ്പ, രജിനി കൃഷ്ണൻ, മദനകുമാർ, ജാഗൃതി പെൻകർ
പെൺകുട്ടികൾക്കായുള്ള സ്റ്റോക്ക് 165 സിസി കാറ്റഗറിയിൽ റേസ് വിജയിയായ റേസർ ക്യാസ്ട്രോൾ പവർ വൺ റൈഡർ ലാനി സെന്ന ഫെർണാണ്ടസ് റേസ് കഴിഞ്ഞുള്ള പരിശോധനയിൽ ഡിസ്ക്വാളിഫൈ ആവുകയും മുംബൈയിൽനിന്നുള്ള 21 വയസ്സുകാരി സയൻസ് ഗ്രാഡ്യൂയേറ്റ് ജാഗൃതി പെൻകറിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഡിസ്ക്വാളിഫിക്കേഷൻ പ്രഖ്യാപിക്കുന്നതുവരെ ഒന്നാംസ്ഥാനത്തായിരുന്ന ആൽഫ റേസിങ്ങിന്റെ ആൻ ജെന്നിഫർ പോയിന്റ് നിലയിൽ ജാഗൃതിക്കു പിന്നിലാവുകയാണുണ്ടായത്. 81 പോയിന്റ് നേടി ജാഗൃതി തന്റെ ആദ്യത്തെ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയപ്പോൾ ആൻ ജെന്നിഫർ 80 പോയിന്റിൽ രണ്ടാമതായി.
പ്രോസ്റ്റോക്ക് ഓപ്പൺ 165സിസി കാറ്റഗറിയിൽ 8 ലപ്പുകളുള്ള രണ്ടാംറേസിൽ പെട്രോണാസ് ടിവിഎസ് റേസിങ്ങിന്റെ ജഗൻകുമാർ ഒന്നാംസ്ഥാനവും ഇഡെമിസ്റ്റൂ ഹോണ്ട എസ്കെ69 റേസിങ്ങിന്റെ രാജീവ് സേതു രണ്ടാംസ്ഥാനവും ടീം അംഗം സെന്തിൽകുമാർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് മദനകുമാർ തന്റെ മൂന്നാമത് ചാമ്പ്യൻഷിപ് ഉറപ്പിച്ചു.
നോവൈസ് സ്റ്റോക്ക് 165സിസി കാറ്റഗറിയിൽ ഫൈനൽ റൗണ്ടിൽ എത്തുമ്പോൾത്തന്നെ അക്സർ സ്പാർക്സ് റേസിങ്ങിന്റെ സർവേഷ് ബല്ലപ്പ ചാമ്പ്യൻഷിപ് ഉറപ്പിച്ചിരുന്നു. ടീം അംഗങ്ങളായ കയാൻ സുബിൻ പട്ടേലിനും റോഹൻ രമേഷിനും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ ഉറപ്പിച്ചുകൊണ്ട് ബല്ലപ്പ നാലാംസ്ഥാനത്ത് നിലയുറപ്പിച്ചു. റൂക്കീസ് റേസിങ്ങിന്റെ ചിരന്ത് വിശ്വനാഥ് മൂന്നാംസ്ഥാനം നേടി. ബൈക്ക് നിർമാതാക്കളുടെ ചാമ്പ്യൻഷിപ് യമഹ നേടി.