ടെഹ്റാന്‍: മോചനത്തിന് സഹായം തേടി യുഎസ് പ്രസിഡണ്ട് ജോബൈഡന് കത്തെഴുതി ഇറാനില്‍ തടവില്‍ കഴിയുന്ന ഇറാനിയന്‍ അമേരിക്കന്‍ പൗരന്‍. ഇറാനില്‍ ഏഴുവര്‍ഷമായി തടവില്‍ കഴിയുന്ന ഇറാനിയന്‍-അമേരിക്കനായ നമാസിയാണ് ജോ ബൈഡന് തന്റെ മോചനം സാധ്യമക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയത്. കൂടാതെ ഇക്കാര്യമുന്നയിച്ച് ഏഴുദിവസത്തേക്ക് ജയിലില്‍ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചതായും നമാസി ബൈഡനുള്ള കത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് നമാസിയെ ഇറാന്‍ ഭരണകൂടം തടവിലിട്ടത്. അതേസമയം ആരോപണം അമേരിക്ക തള്ളിക്കളയുകയും ചെയ്തിരുന്നു. നമാസിയുടെ അഭിഭാഷകനാണ് കത്ത് പുറത്തുവിട്ടത്.
ഇറാനിലെ തടവില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്‍മാരെ കുറിച്ച് ചിന്തിക്കാന്‍ ദിവസത്തില്‍ ഒരു മിനിട്ടെങ്കിലും കണ്ടെത്തണം. ഇത്തരത്തില്‍ ഒരു മിനുട്ട് സമയമെങ്കിലും ഇറാന്‍ തടവിലിട്ട തന്നെപോലുള്ളവര്‍ക്ക് വേണ്ടി ചെലവഴിച്ചാല്‍ ഇര്‍വിന്‍ ജയിലിലെ തങ്ങളുടെ ഒരു വര്‍ഷമെങ്കിലും കുറക്കാന്‍ സാധിക്കുമെന്നും നമാസി അമേരിക്കന്‍ പ്രസിഡണ്ടിന് എഴുതിയ കത്തില്‍ സൂചിപ്പിച്ചു.
പ്രശസ്ത അമേരിക്കന്‍ പരിസ്ഥിതിവാദി മൊറാദ് ടഹ്ബാസും ബ്രിട്ടീഷ് പൗരനും പ്രശസ്ത ബിസിനസുകാരനുമായ ഇമാദ് ഷാര്‍ജിയും ഇറാന്‍ ഭരണകൂടം തടവിലാക്കിയ വിദേശികളില്‍ ഉള്‍പ്പെടുന്നുണ്ട്. മൊറാദ് ടഹ്ബാസിന് അറുപത്തിയേഴുവയസും ഇമാദ് ഷാര്‍ജിക്ക് അന്‍പത്തിയെട്ട് വയസുമാണ് പ്രായമെന്നും നമാസി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സമാനമായ രീതിയില്‍ ചാരപ്രവര്‍ത്തനം ആരോപിച്ച് നമാസിയുടെ പിതാവിനെയും ഇറാന്‍ ഭരണകൂടം തടവിലിട്ടിരുന്നു. പിന്നീട് ചികിത്സയ്ക്കായി പിതാവിനെ മോചിപ്പിക്കുകയാണുണ്ടായതെന്നും നമാസി കത്തില്‍ വിശദമാക്കുന്നുണ്ട്.
അതേസമയം അമേരിക്കയിലെ ഒബാമ ഭരണകൂടത്തിനെതിരെ നമാസി രൂക്ഷവിമര്‍ശവും ഉയര്‍ത്തുന്നുണ്ട്. ഇറാനിലെ ജയിലില്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കാന്‍ തന്നെ ഒബാമ ഭരണകൂടം ഉപേക്ഷിക്കുകയായിരുന്നു. 2016 ജനുവരിയില്‍ തടവിലിട്ട മറ്റ് അമേരിക്കന്‍ പൗരന്‍മാരെ മോചിപ്പിച്ചപ്പോഴും തന്റെ മോചനത്തിനായി ഒബാമ ഒന്നും ചെയ്തില്ലെന്നും നമാസി വിമര്‍ശിച്ചു. ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ സുരക്ഷിതമായി വീട്ടിലെത്തിക്കാമെന്നാണ് ഒബാമ ഭരണകൂടം തന്റെ കുടുംബത്തിന് ഉറപ്പുനല്‍കിയതെന്നും നമാസി ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ജയിലില്‍ ഏഴുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടും രണ്ടു പ്രസിഡണ്ടുമാര്‍ മാറിവന്നിട്ടും ഇപ്പോഴും ഇവിന്‍ ജയിലില്‍ യാതന അനുഭവിച്ച് കഴിയുകയാണ് താനെന്നാണ് അമേരിക്കന്‍ പ്രസിഡണ്ടിനെഴുതിയ കത്തില്‍ നമാസി ചൂണ്ടിക്കാണിക്കുന്നത്.
Story Highlights: Jailed Iranian American appeals to Biden, starts hunger strike