ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്ന് കോണ്‍ഗ്രസിനെ തേടി എത്തിയിരിക്കുന്നത് സന്തോഷവാര്‍ത്ത. നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംസ്ഥാനത്തെത്തിയപ്പോള്‍ രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) വിട്ടുനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാഗ്പട്ടിലും ഷാംലിയിലും യാത്രയെ സ്വാഗതം ചെയ്യുമെന്ന് പാര്‍ട്ടി അറിയിച്ചു.
യാത്ര ബാഗ്പത്, ഷാംലി എന്നിവിടങ്ങളില്‍ എത്തുമ്പോള്‍ ആര്‍എല്‍ഡി സ്വാഗതം ചെയ്യുമെന്ന് പാര്‍ട്ടി വക്താവ് അനില്‍ ദുബെ പറഞ്ഞു.’യാത്രക്കാര്‍ക്ക് ഒരു വലിയ സല്യൂട്ട്. കാമ്പെയ്ന്‍ അതിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയും ജനങ്ങളെ ഒരുമിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.’ ട്വീറ്റില്‍ ആര്‍എല്‍ഡി പ്രസിഡന്റ് ജയന്ത് ചൗധരി അഭിപ്രായപ്പെട്ടു.
ഇത് ഒരു പ്രധാന സംഭവമാണ്, നേരത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ എസ്പിയും ബിഎസ്പിയും രാഹുല്‍ ഗാന്ധിക്കും അദ്ദേഹം നയിക്കുന്ന യാത്രയ്ക്കും ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലേക്ക് പ്രവേശിച്ച രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ മുന്‍ റോ ചീഫും ഐബിയുടെ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടറുമായിരുന്ന അമര്‍ജിത് സിങ് ദൗലത് പങ്കെടുത്തിരുന്നു. സീലംപൂരില്‍ വെച്ച് യാത്രയോടൊപ്പം ശിവസേന എംപി പ്രിയങ്ക ചതുര്‍വേദിയും യാത്രയില്‍ ചേര്‍ന്നിരുന്നു. ഗാസിയാബാദ് അതിര്‍ത്തിയില്‍ രാഹുല്‍ ഗാന്ധിയെയും മറ്റ് യാത്രികരെയും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ആണ് സ്വീകരിച്ചത്.
സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും യാത്രയ്ക്ക് ആശംസകള്‍ അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധി യാത്രയ്‌ക്കൊപ്പം ചേരാന്‍ ക്ഷണിച്ചിരുന്നെങ്കിലും രണ്ടു പേരും ക്ഷണം നിരസിക്കുകയായിരുന്നു.
കോടികളെറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ഇമേജ് ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുകയാണെന്ന് ലോനിയിലെ സ്വീകരണച്ചടങ്ങില്‍ സംസാരിക്കവെ പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. അദാനിയും അംബാനിയുമുള്‍പ്പെട്ട വന്‍കിട വ്യവസായികളെ അവര്‍ വിലക്കെടുത്തു. പക്ഷെ തന്റെ സഹോദരനെ അവര്‍ക്ക് വിലക്ക് വാങ്ങാന്‍ സാധിച്ചില്ല. അവര്‍ക്ക് ഒരിക്കലും അതിന് സാധിക്കില്ല. അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.
‘എന്റെ പ്രിയ ജ്യേഷ്ഠാ, ഞാന്‍ നിങ്ങളെയോര്‍ത്ത് വളരയെധികം അഭിമാനം കൊള്ളുന്നു. കാരണം, സര്‍ക്കാര്‍ ആയിരക്കണക്കിന് കോടി രൂപയാണ് നിങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനായി ചെലവഴിക്കുന്നത്. എന്നാല്‍ സത്യത്തിന്റെ പാതയില്‍നിന്ന് താങ്കള്‍ പിന്തിരിയുന്നില്ല. അദാനിയും അംബാനിയും നേതാക്കളെ വാങ്ങി, പൊതുമേഖല സ്ഥാപനങ്ങളെ വാങ്ങി, മാധ്യമങ്ങളെ വാങ്ങി, പക്ഷേ എന്റെ സഹോദരനെ അവര്‍ക്ക് വിലക്ക് വാങ്ങാന്‍ സാധിച്ചില്ല. അവര്‍ക്കതിന് ഒരിക്കലും സാധിക്കില്ല. അതില്‍ എനിക്ക് അഭിമാനമുണ്ട്,’ എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അനില്‍ കുമാര്‍, യുപി സഭാ കക്ഷി നേതാവ് ആരാധന മിശ്ര എന്നിവരടക്കം നിരവധി നേതാക്കള്‍ രാഹുല്‍ ഗാന്ധിയോടൊപ്പമുണ്ടായിരുന്നു. രാവിലെ കശ്മീര്‍ ഗേറ്റിലെ ഹനുമാന്‍ മന്ദിറില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ജനുവരി ആറിന് ഹരിയാനയിലും 11 മുതല്‍ 20 വരെ പഞ്ചാബിലുമാണ് ഭാരത് ജോഡോ യാത്ര. ഇതിനിടെ ഒരു ദിവസം ഹിമാചല്‍ പ്രദേശിലും പര്യടനമുണ്ട്. ജനുവരി 20-ഓടെ യാത്ര ജമ്മു കശ്മീരിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
STORY HIGHLIGHTS: We will welcome Rahul’s Bharat Jodo Yatra says Rashtriya Lok Dal