സിഡ്നി: പ്രമുഖ ഓസ്ട്രേലിയൻ വാതുവെപ്പ് കമ്പനിയായ ടാബ്‌കോർപ് ഹോൾഡിംഗ്സ് ലിമിറ്റഡ് (TAB), സ്പാം, ടെലിമാർക്കറ്റിംഗ് നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് 2.7 മില്യൺ ഓസ്ട്രേലിയൻ ഡോളറിലധികം (ഏകദേശം 23 കോടി രൂപ) പിഴയായി ഒടുക്കി. ഓസ്‌ട്രേലിയൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് മീഡിയ അതോറിറ്റി (ACMA) നടത്തിയ അന്വേഷണത്തിലാണ് കമ്പനിയുടെ നിയമലംഘനങ്ങൾ കണ്ടെത്തിയത്.രാജ്യത്തെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് കമ്പനി നടത്തിയ വ്യാപകമായ നിയമലംഘനങ്ങൾക്കെതിരെയാണ് അധികൃതരുടെ ഈ ശക്തമായ നടപടി.
ലഭിച്ച വിവരങ്ങൾ പ്രകാരം 2024 ഫെബ്രുവരി മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ കമ്പനി തങ്ങളുടെ വിഐപി ഉപഭോക്താക്കൾക്ക് മാനദണ്ഡങ്ങൾ പാലിക്കാതെ അയ്യായിരത്തോളം ടെലിമാർക്കറ്റിംഗ് കോളുകൾ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ‘ഡൂ നോട്ട് കോൾ’ (Do Not Call Register) ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്തിരുന്ന ഉപഭോക്താക്കൾക്ക് വിളിച്ച 351 കോളുകളും, അനുവദനീയമല്ലാത്ത സമയങ്ങളിൽ നടത്തിയ 82 കോളുകളും ഉൾപ്പെടുന്നു. കൂടാതെ, പ്രമോഷണൽ മെസ്സേജുകൾ തങ്ങൾക്ക് ആവശ്യമില്ലെന്ന് (Unsubscribe) രേഖപ്പെടുത്തിയ ഉപഭോക്താക്കൾക്ക് 2,17,000-ലധികം മാർക്കറ്റിംഗ് ഇമെയിലുകളും ടെക്സ്റ്റ് മെസ്സേജുകളും കമ്പനി അയച്ചതായും ACMA വ്യക്തമാക്കുന്നു.
ജൂബ്ലിംഗ്/വാതുവെപ്പ് പരസ്യങ്ങളുമായി ബന്ധപ്പെട്ട മാനസികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഇത്തരം വീഴ്ചകൾ യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ACMA അംഗം സാമന്ത യോർക്ക് പ്രസ്താവിച്ചു. ഉപഭോക്താക്കളുടെ താല്പര്യങ്ങൾ കമ്പനികൾ നിർബന്ധമായും മാനിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അംഗീകരിക്കുന്നതായും, പുതിയ നേതൃത്വത്തിന് കീഴിൽ ബിസിനസ്സ് സംവിധാനങ്ങൾ പരിഷ്കരിക്കുമെന്നും ടാബ്‌കോർപ് വക്താവ് അറിയിച്ചിട്ടുണ്ട്. മുൻപും സമാനമായ നിയമലംഘനങ്ങൾക്ക് കമ്പനിക്ക് വൻ തുക പിഴ ചുമത്തപ്പെട്ടിട്ടുണ്ട്.































