കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് ഗംഭീര തുടക്കം. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളിനാണ് കേരളം തകര്‍ത്തത്. തുടക്കം മുതല്‍ ആക്രമണം പുറത്തെടുത്ത കേരളം ആദ്യ പകുതിയില്‍ തന്നെ അഞ്ച് ഗോളുകളാണ് രാജസ്ഥാന് വലയിലേയ്ക്ക് അടിച്ച് കയറ്റിയത്.
മത്സരത്തിന്റെ ആറാം മിനുട്ടില്‍ നിജോ ഗില്‍ബര്‍ട്ടിലൂടെ ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ച കേരളം രാജസ്ഥാന് വല നിറയ്ക്കുന്നതാണ് പിന്നീട് കണ്ടത്. ആറ് മിനുട്ടിന് ശേഷം 12-ാം മിനുട്ടില്‍ വിഘ്നേഷ് കേരളത്തിനായി രണ്ടാം ഗോള്‍ നേടി. 20-ാം മിനുട്ടില്‍ വിഘ്നേഷ് വീണ്ടും വല കുലുക്കിയതോടെ കേരളം മൂന്ന് ഗോളിന് മുന്നിലായി.
23–ാം മിനുട്ടിലും 36–ാം മിനുട്ടിലും രാജസ്ഥാന് വല കുലുക്കിയ നരേഷ് ആദ്യ പകുതിയില്‍ കേരളത്തിന്റെ ലീഡ് അഞ്ചിലേക്കെത്തിച്ചു. രണ്ടാം പകുതിയിലും ഗോളടി തുടര്‍ന്ന കേരളം 54-ാം മിനുട്ടിലും 81-ാം മിനുട്ടിലും രാജസ്ഥാന് വല കുലുക്കി. റിസ്വാനാണ് രണ്ട് ഗോളുകളും നേടിയത്. ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ കേരളം ഒന്നാമത്തെത്തി. ഡിസംബര്‍ 29 ന് ബിഹാറുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.
Story highlights: Kerala won against Rajasthan on Santhosh Trophy