കൊച്ചി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയഗാഥ തുടര്‍ന്ന് കൊമ്പന്മാര്‍. ഒഡീഷയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ പോയിന്റ് ടേബിളില്‍ മൂന്നാമതെത്തി. സന്ദീപ് സിംഗാണ് കൊമ്പന്മാര്‍ക്കായി വിജയ ഗോള്‍ നേടിയത്.
ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിക്കുന്ന ആക്രമണമായിരുന്നു മത്സരത്തിന്റെ തുടക്കത്തില്‍ ഒഡീഷ നടത്തിയത്. മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ ഒഡീഷ താരം ഫെര്‍ണാണ്ടസിന്റെ മികച്ചൊരു ഷോട്ട് ഗോളാകാതെ രക്ഷപ്പെടുകയായിരുന്നു. തുടക്കത്തില്‍ കലിയുഷ്‌നിയിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. 30-ാം മിനുട്ടില്‍ ബ്ലസാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ഗില്ലിനും ഒഡീഷയുടെ നന്ദകുമാര്‍ ശേഖറിനും മഞ്ഞ കാര്‍ഡ് ലഭിച്ചു.
രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിക്കുന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് മൈതാനത്ത് കണ്ടത്. നിരന്തരം ഒഡീഷ ഗോള്‍ മുഖത്തേയ്ക്ക് ആക്രമണം അഴിച്ച് വിട്ട കൊമ്പന്മാര്‍ക്ക് വല കുലുക്കാന്‍ സാധിച്ചില്ല. ഒടുവില്‍ 86-ാം മിനുട്ടില്‍ മിറാന്‍ഡ നല്‍കിയ ക്രോസ് തട്ടിയകറ്റാന്‍ ശ്രമിച്ച ഒഡീഷ ഗോള്‍ കീപ്പര്‍ക്ക് പിഴച്ചു. പന്ത് ഹെഡറിലൂടെ സന്ദീപ് സിംഗ് വലയിലെത്തിച്ചു. ജയത്തോടെ 11 കളികളില്‍ 22 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തെത്തി.
Story highlights: Kerala Blasters won against Odisha