നീലഗിരി: തമിഴ്നാട് നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ശിവനന്ദി എന്നയാളാണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒവാലിയില്‍ വെച്ചായിരുന്നു സംഭവമുണ്ടായത്. രാവിലെ ജോലിക്ക് പോകുന്നതിനിടെ തോട്ടത്തില്‍ വെച്ച് ശിവനന്ദിയെ കാട്ടാന അക്രമിക്കുകയായിരുന്നു.
നീലഗിരി മേഖലയില്‍ വന്യജീവികള്‍ ഇറങ്ങുന്നത് പതിവ് കാഴ്ചയാണ്. കഴിഞ്ഞ ആഴ്ചകളിലും കടുവയും പുലിയുമടക്കമുള്ള മൃഗങ്ങള്‍ ഇവിടെ ഇറങ്ങിയിരുന്നു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തത്.
അതേസമയം മാസങ്ങളായി പാലക്കാട് ധോണിയെ വിറപ്പിച്ച പി ടി സെവനെ ദൗത്യസംഘം മയക്കുവെടിവെച്ച് പിടികൂടിയിരുന്നു. ധോണിയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തിയ കാട്ടാനയെ മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിര്‍ത്തിക്ക് അടുത്തുവെച്ചാണ് മയക്കുവെടി വെച്ചത്. ജൂലൈ എട്ടിന് പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമനെ കൊലപ്പെടുത്തിയ ആന ഇതിനോടകം തന്നെ നിരവധി കൃഷിയിടങ്ങള്‍ തകര്‍ത്തിരുന്നു. നാളുകളായുള്ള ആശങ്കയ്ക്ക് താത്കാലിക പരിഹാരമായെന്ന് ധോണിയിലെ നാട്ടുകാര്‍ പറഞ്ഞു.
STORY HIGHLIGHTS: Wild elephant killed a man in Nilgiri