വെല്ലിങ്ടണ്‍; ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജസിന്‍ഡ ആര്‍ഡേനിന് പകരം ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രിയാകും. ക്രിസിന്റെ പേര് സ്ഥിരീകരിക്കുന്നതിനും നാമനിര്‍ദേശം അംഗീകരിക്കുന്നതിനും ഞായറാഴ്ച്ച ഉച്ചയോടെ യോഗം ചേരുമെന്ന് ലേബര്‍ പാര്‍ട്ടി അറിയിച്ചു. ഒക്ടോബര്‍ 14ന് ന്യൂസിലഡില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അടുത്ത മാസം സ്ഥാനമൊഴിയുന്ന കാര്യം ജസിന്‍ഡ അറിയിച്ചത്. ഇതോടെയാണ് ക്രിസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.
നിലവില്‍ പൊലീസ്, വിദ്യാഭ്യാസ മന്ത്രിയാണ് ക്രിസ്. തങ്ങള്‍ ശക്തമായ ടീമാണെന്ന് വിശ്വസിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ക്രിസ് പറഞ്ഞു. ഐക്യത്തോടെയാണ് ഈ പ്രക്രിയയിലൂടെ കടന്നുപോയത്, അത് തുടരും. ന്യൂസിലന്‍ഡിലെ ജനങ്ങളുടെ സേവനത്തില്‍ പ്രതിബദ്ധതയുള്ള ആളുകളുമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്നും ക്രിസ് പ്രതികരിച്ചു.
ഫെബ്രുവരി ഏഴിനാണ് ജസിന്‍ഡ സ്ഥാനമൊഴിയുന്നത്, കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ജസിന്‍ഡ സ്വീകരിച്ച കര്‍ക്കശ നടപടികള്‍ അവരുടെ ജനപ്രീതി കുറയ്ക്കാന്‍ കാരണമായെന്ന വിലയിരുത്തലുണ്ടായിരുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കേണ്ടതായിരുന്നുവെന്ന് ക്രിസ് ഹിപ്കിന്‍സ് അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു.
‘ഞാനൊരു മനുഷ്യനാണ്. നമുക്ക് കഴിയുന്നിടത്തോളം നമ്മള്‍ പ്രവര്‍ത്തിക്കും. അതിന് ശേഷം സമയമാകും. എന്നെ സംബന്ധിച്ചിടത്തോളം സമയമായി. ഈ പദവി എന്താണ് എന്ന് എനിക്ക് നന്നായി അറിയാം. രാജ്യത്തെ നയിക്കാന്‍ നിങ്ങള്‍ എപ്പോഴാണ് ഉചിതമെന്നും അല്ലെന്നും തിരിച്ചറിയാനുള്ള ഉത്തരവാദിത്വം നമുക്ക് ഉണ്ടായിരിക്കണം. ഇനിയൊരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജ്ജമില്ല.’ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജസിന്‍ഡ പറഞ്ഞു.
Story highlights: Chris Hipkins set to replace Jacinda Ardern as New Zealand prime minister