ഇസ്ലാമാബാദ്: പാകിസ്താനില്‍ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും രൂക്ഷമാകുന്നു. ഗോതമ്പുമായി പോകുന്ന ട്രക്കിനെ ഇരുചക്ര വാഹനങ്ങളില്‍ പിന്തുടരുകയും കറന്‍സി നോട്ടുകള്‍ ഉയര്‍ത്തി ഗോതമ്പിനായി നിലവിളിക്കുകയും ചെയ്യുന്ന ജനങ്ങളുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഗോതമ്പിന്റെ ക്ഷാമവും ജനങ്ങളെ ഏറെ ബാധിക്കുന്നുണ്ട്. പാക് അധീന കശ്മീര്‍ ഭക്ഷ്യ കലാപത്തിന്റെ വക്കിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
‘ഇതൊരു മോട്ടോര്‍ സൈക്കിള്‍ റാലിയല്ല. ഗോതമ്പുമായി കടന്നു പോകുന്ന ഒരു ട്രക്കിനെ ജനങ്ങള്‍ പിന്തുടരുന്ന കാഴ്ച്ചയാണ്.’ നാഷ്ണല്‍ ഇക്വാലിറ്റി പാര്‍ട്ടി ചെയര്‍മാന്‍ പ്രൊഫസ്സര്‍ സജ്ജാദ് രാജ ട്വീറ്റ് ചെയ്തു. ഒരു പാക്കറ്റ് ഗോതമ്പ് 3000 പാകിസ്താന്‍ രൂപയ്ക്കാണ് രാജ്യത്ത് വില്‍ക്കുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമാബാദ്, പാക് അധീന കശ്മീര്‍ സര്‍ക്കാരുകളെയാണ് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നത്.
സബ്‌സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് ഗോതമ്പ് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിയിരുന്നു. അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും ഇവിടത്തെ പ്രശ്‌നത്തെ ഏറെ ഗുരുതരമാക്കിയിരിക്കുകയാണ്. ഗോതമ്പ് കൊണ്ടുവരുന്ന ട്രക്ക് വളഞ്ഞ് ഡ്രൈവര്‍ക്ക് നേരെ കല്ലെറിയുന്ന സാഹചര്യമുണ്ടായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
STORY HIGHLIGHTS: Economic crisis and food shortages are worsening in Pakistan