കൊച്ചി
പുതുവർഷത്തുടക്കം കാർപ്രേമികൾക്ക് അത്ര സുഖകരമായിരിക്കില്ല. 2023 ജനുവരിമുതൽ രാജ്യത്ത് പുതിയ കാറുകൾക്ക് വില കൂട്ടുകയാണ്. മാരുതി സുസുകി, ടാറ്റാ മോട്ടോഴ്സ്, ഹ്യുണ്ടായ്, കിയ, എംജി, മെഴ്സിഡസ് ബെൻസ്, റെനോ, ഹോണ്ട, ഫോക്സ് വാഗൺ, ഔഡി, സിട്രോൺ, ജീപ്പ് തുടങ്ങിയ മുൻനിര ബ്രാൻഡുകളെല്ലാംതന്നെ വിലവർധന പ്രഖ്യാപിച്ചിട്ടുണ്ട്. നിർമാണസാമഗ്രികളുടെ വില കുത്തനെ കൂടിയതും 2023 ഏപ്രിൽമുതൽ ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കർശനമാക്കുന്നതുമാണ് വില ഉയർത്താൻ കാരണമെന്ന് കമ്പനികൾ പറയുന്നു.
മാരുതി സുസുകിയുടെ എല്ലാ കാറുകളുടെയും വില വർധിക്കും. എത്ര തുകയാണ് വർധിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. മോഡലിന് അനുസരിച്ച് വിലവർധന വ്യത്യാസപ്പെടുമെന്ന് കമ്പനി പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ കാർനിർമാതാക്കളായ മാരുതി സുസുകി 3.39 ലക്ഷം രൂപയുടെ ആൾട്ടോ 800 മുതൽ 11.29 ലക്ഷം രൂപയുടെ എക്സ് എൽ6 വരെയുള്ള വിവിധ മോഡലുകൾ നിരത്തിലിറക്കിയിട്ടുണ്ട്.
ദക്ഷിണകൊറിയൻ വാഹന ബ്രാൻഡായ കിയ മോഡലുകൾക്ക് 50,000 രൂപവരെ വില കൂടും. ടാറ്റാ മോട്ടോഴ്സ് രണ്ടുഘട്ടമായിട്ടായിരിക്കും വില വർധിപ്പിക്കുക. പെട്രോൾ, ഡീസൽ വാഹനങ്ങൾക്കും വൈദ്യുത വാഹനങ്ങൾക്കും വില കൂട്ടുമെന്ന് കമ്പനി അറിയിച്ചു.
ഹോണ്ട മോഡലുകൾക്ക് അനുസരിച്ച് 30,000 രൂപവരെയാണ് വിലവർധന പ്രഖ്യാപിച്ചിരിക്കുന്നത്. ജീപ്പിന്റെ പുതിയ ഗ്രാൻഡ് ചെറോക്കി ഉൾപ്പെടെയുള്ള എസ് യുവികൾക്ക് രണ്ടുമുതൽ നാലുശതമാനംവരെയായിരിക്കും വർധന. എംജി മോട്ടോർ വാഹനങ്ങൾക്ക് 90,000 രൂപവരെ വർധിക്കും.