കൊല്‍ക്കത്ത: സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് മുപ്പതോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയിലെ മയൂരേശ്വര്‍ ബ്ലോക്കിലെ പ്രൈമറി സ്‌കൂളില്‍ തിങ്കളാഴ്ച്ചയാണ് സംഭവം ഉണ്ടായത്. പയര്‍ നിറച്ച പാത്രങ്ങളില്‍ ഒന്നില്‍ പാമ്പിനെ കണ്ടെത്തിയതായി ഭക്ഷണം തയാറാക്കിയ സ്‌കൂള്‍ ജീവനക്കാരന്‍ വ്യക്തമാക്കി.
കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ റാംപൂര്‍ഹട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചഭക്ഷണം കഴിച്ച് കുട്ടികള്‍ക്ക് അസുഖം വരുന്നതായി നിരവധി ഗ്രാമങ്ങളില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് ബ്ലോക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ദിപാഞ്ജന്‍ ജന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രൈമറി സ്‌കൂളുകള്‍ സന്ദര്‍ശിക്കുന്ന ജില്ലാ ഇന്‍സ്‌പെക്ടറോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ദിപാഞ്ജന്‍ ജന വ്യക്തമാക്കി.
സംഭവത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധിക്കുകയും രക്ഷകര്‍ത്താക്കള്‍ പ്രധാന അധ്യാപകനെ മര്‍ദ്ദിക്കുകയും ഇരു ചക്ര വാഹനം നശിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഒരു വിദ്യാര്‍ത്ഥി ഒഴികെ മറ്റുള്ളവരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
STORY HIGHLIGHTS: Snake Found in Mid day Meal in Bengal Serveral Childrens Fall