പാരീസ്: ഫ്രഞ്ച് ദേശീയ ടീം മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണവുമായി കരിം ബെന്‍സേമയുടെ ഏജന്റ്. പരുക്കിന്റെ പേരില്‍ ഖത്തര്‍ ലോകകപ്പില്‍ നിന്ന് സൂപ്പര്‍ സ്‌ട്രൈക്കറെ പരിശീലകനും മെഡിക്കല്‍ സ്റ്റാഫും ചേര്‍ന്ന് ഓടിച്ചുവിടുകയായിരുന്നെന്ന് ബെന്‍സേമയുടെ ഏജന്റ് കരീം ജാസിരി ആരോപിച്ചു. ബെന്‍സേമയുടെ പരുക്ക് വൈകാതെ ഭേദമായേനെ എന്നും ലോകകപ്പില്‍ കളിക്കാന്‍ ആകുമായിരുന്നെന്നും ഏജന്റ് ട്വിറ്ററില്‍ തുറന്നടിച്ചു. ആരോഗ്യ വിദഗ്ധര്‍ തുടര്‍ന്നുള്ള ആഴ്ച്ചകളിലെ ബെന്‍സേമയുടെ ഫിറ്റ്‌നസ് സ്ഥിരീകരിച്ചതാണെന്ന് ജാസിരി പറഞ്ഞു.
‘ഞാന്‍ മൂന്ന് സ്‌പെഷ്യലിസ്റ്റുകളെ സമീപിച്ചു. മൂവരും ബെന്‍സേമ ക്വാര്‍ട്ടറില്‍ കളിക്കാന്‍ ഫിറ്റാണെന്ന് സ്ഥിരീകരിച്ചു. ബെഞ്ചില്‍ ഇരുത്താനെങ്കിലും സാധിക്കുമായിരുന്നു. എന്തിനാണ് ബെന്‍സേമയോട് എത്രയും പെട്ടെന്ന് പോകാന്‍ ആവശ്യപ്പെട്ടത്?,’ കരീം ജാസിരി ചോദിച്ചു.
ലോകകപ്പ് മത്സരത്തിന് മുന്‍പുള്ള ഒരു പരിശീലന ക്യാംപില്‍ വെച്ചാണ് ബെന്‍സേമയുടെ തുടയ്ക്ക് പരുക്കേറ്റത്. ഇതിനേത്തുടര്‍ന്ന് ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ബെന്‍സേമയെ ഒഴിവാക്കി. ഫ്രെഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് 25 കളിക്കാരുമായാണ് ഖത്തര്‍ ലോകകപ്പ് ക്യാംപെയ്ന്‍ ആരംഭിച്ചത്. ബെന്‍സേമയ്ക്ക് പകരം ആരേയും സെലക്ട് ചെയ്യാതെ ഒഴിച്ചിട്ടത് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കി. ബെന്‍സേമയ്ക്ക് തിരിച്ചുവരാന്‍ വേണ്ടിയാണിതെന്ന് ആരാധകരും കരുതി.
ലോകകപ്പ് ഫൈനലിന് ദിവസങ്ങള്‍ക്ക് മുന്‍പ് നിലവിലെ ബാലന്‍ഡിയോര്‍ ജേതാവ് റയല്‍ മാഡ്രിഡിന് വേണ്ടി പ്രാക്ടീസിന് ഇറങ്ങി. ബെന്‍സേമ ഫ്രെഞ്ച് സ്‌ക്വാഡില്‍ തിരിച്ചുവരുമെന്ന റൂമറുകളും ശക്തമായി. ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫൈനലില്‍ കളിക്കണമെന്ന് ബെന്‍സേമയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചതായി വാര്‍ത്തകള്‍ വന്നു. ഇതിന് പിന്നാലെ ‘എനിക്ക് താല്‍പര്യം ഇല്ല’ എന്നീ മൂന്ന് വാക്കുകളിലൂടെ മാത്രം ബെന്‍സേമ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ദെഷാംപ്‌സുമായുള്ള അഭിപ്രായ വ്യത്യാസമാണ് ബെന്‍സേമ ഫൈനലില്‍ കളിക്കാതിരിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദെഷാംപ്‌സിന് ബെന്‍സേമയുടെ സാന്നിധ്യം ഇഷ്ടമായിരുന്നില്ലെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഫ്രാന്‍സ് കിരീട ജേതാക്കളായ കഴിഞ്ഞ ലോകകപ്പിലും ബെന്‍സേമയ്ക്ക് ഭാഗമാകാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ക്ലബ്ബ് സീസണില്‍ 36കാരനായ റയല്‍ മാഡ്രിഡ് താരം ഉജ്ജ്വല ഫോമിലുമായിരുന്നു. ഇതിഹാസതാരമായ ക്രിസ്റ്റ്യാനോയുടെ കുറവ് അറിയിക്കാത്ത പ്രകടനമാണ് ബെന്‍സേമ പുറത്തെടുത്തത്.
🇫🇷 Karim Benzema en Instagram: ‘I’m not interested” 😳 pic.twitter.com/4SV0VXiILa
— 𝐒𝐚𝐦𝐮𝐙 (@samuzft) December 17, 2022
ഖത്തറില്‍ അര്‍ധാവസരങ്ങള്‍ പോലും ഗോളാക്കാന്‍ മിടുക്കുള്ള സൂപ്പര്‍ സ്‌ട്രൈക്കറുടെ ഫിനിഷിങ്ങ് ഫ്രാന്‍സിന് മുതല്‍ക്കൂട്ടാകുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് പരുക്കും പുറത്താകലും. ഫ്രാന്‍സ് ജേഴ്‌സിയില്‍ 16 വര്‍ഷത്തിനിടെ 37 ഗോളുകളാണ് ബെന്‍സേമ നേടിയത്. ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയോട് പരാജയപ്പെട്ടതിന്റെ പിറ്റേന്ന് ബെന്‍സേമ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
STORY HIGHLIGHTS: Benzema could have played World Cup knockouts, was sent back too early says Agent