തിരുവനന്തപുരം: കാര്യവട്ടത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തിൽ കാണികൾ കുറഞ്ഞതിന് കാരണം മന്ത്രിയുടെ പരാമർശമാണെന്ന് ആവർത്തിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. ജനങ്ങൾ പ്രതികരിച്ചത് മന്ത്രിയുടെ കമന്റിനോടാണ്. കെസിഎ ആണ് മത്സരത്തിന്റെ സംഘാടകരെന്ന് ജനങ്ങൾക്ക് അറിയില്ല. മത്സരം നടത്തുന്നത് സർക്കാർ ആണെന്നാണ് ജനങ്ങൾ കരുതുന്നതെന്നും അസോസിയേഷൻ അദ്ധ്യക്ഷൻ ജയേഷ് ജോർജ് പറഞ്ഞു.
‘മികച്ച മത്സരമാണ് കാഴ്ച്ചവെച്ചത്, കാണികൾ കൂടെയുണ്ടായിരുന്നുവെങ്കിൽ നൂറുമേനി സന്തോഷമായേനെ. ബോയ്‌കോട്ട് ക്രിക്കറ്റ്’ എന്ന പേരിൽ നടന്ന സോഷ്യൽ മീഡിയ പ്രചാരണം തിരിച്ചടിയായി. കേരള ക്രിക്കറ്റ് അസോസിയേഷനാണ് മത്സരം നടത്തുന്നതെന്ന് കുറച്ചാളുകൾക്ക് മാത്രമേ അറിയൂ. സർക്കാരാണ് മത്സരം നടത്തുന്നതെന്നാണ് ഭൂരിഭാഗം ആളുകളും കരുതുന്നത്. അപ്പോൾ അത്തരത്തിലൊരു കമന്റ് വരുമ്പോൾ ആളുകൾ സ്വാഭാവികമായി പ്രതികരിക്കുന്നത് അതിനോടാണ്,’ ജയേഷ് പറഞ്ഞു.
പൊങ്കൽ, ശബരിമല, പരീക്ഷകൾ, ഇന്ത്യ പരമ്പര നേരത്തേ നേടി എന്നതടക്കമുളളവയാണ് കാണികൾ കുറയാൻ കാരണമായതെന്നാണ് കെസിഎ ബിസിസിഐയ്ക്ക് നൽകിയ വിശദീകരണം. 5000 ടിക്കറ്റ് മാത്രമാണ് വിറ്റതെന്ന് കേട്ടപ്പോൾ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് അടക്കമുളളവർ ഞെട്ടിയതായും അദ്ദേഹം പറഞ്ഞു. തന്റെ സർക്കാരിനെയും മന്ത്രിയെയും ബിസിസിഐയ്ക്ക് മുന്നിൽ കുറ്റപ്പെടുത്താൻ പറ്റില്ലല്ലോ എന്നും ജയേഷ് ജോർജ് കൂട്ടിച്ചേർത്തു.
STORY HIGHLIGHTS: KCA president said that least viewers are the result of sports minister’s comment