ഇലക്ട്രിക്കലിൽ പുതിയ കുതിപ്പിനൊരുങ്ങി ബിവൈഡി വീണ്ടും ഇന്ത്യൻ നിരത്തിലേക്ക്. ഒറ്റ ചാർജിൽ 521 കിലോമീറ്റർ റേഞ്ച് എന്ന അവകാശവാദവുമായി ആറ്റോ 3 ഇലക്ട്രിക് എന്ന പ്രീമിയം എസ്യുവിയാണ് ഈ ചൈനീസ് കമ്പനി ഇക്കുറി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
മികച്ച സുരക്ഷയും കാര്യക്ഷമതയും അവകാശപ്പെടുന്ന ബ്ലേഡ് സാങ്കേതികവിദ്യയിലുള്ള 60.48 കെഡബ്ല്യുഎച്ച് ബാറ്ററിയാണ് ഇന്ത്യയിൽ ആറ്റോ 3യുടെ കരുത്ത്. 80 കെഡബ്ല്യുഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 50 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. 20 ബിഎച്ച്പി കരുത്തും 310 എൻഎം ടോർക്കും നൽകുന്ന സിംഗിൾ പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറാണ് ഇതിലുള്ളത്. 7.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഇതിന് ശേഷിയുണ്ട്.
പ്രീമിയം എസ്യുവി വിഭാഗത്തിൽ ഉപയോക്താക്കൾക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കാൻ വിവിധ ആംഗിളിൽ തിരിക്കാവുന്ന 12.8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, പവർ അസിസ്റ്റ് അഡ്ജസ്റ്റബിൾ മുൻസീറ്റുകൾ, ഫുൾ ഡിജിറ്റൽ മീറ്റർ കൺസോൾ, ആപ്പിൾ കാർ പ്ലേ തുടങ്ങിയ നിരവധി ഫീച്ചറുകളാണ് ഈ വാഹനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
4455 എംഎം നീളവും 1875 എംഎം വീതിയും 1615 എംഎം ഉയരവും 150 എംഎം ഗ്രൗണ്ട് ക്ലിയറൻസും ഇതിന് മികച്ച തലയെടുപ്പ് നൽകുന്നു. സുരക്ഷയ്ക്കായി ഏഴ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, 360 ഡിഗ്രി ക്യാമറ, ഹിൽ ഡിസെന്റ് കൺട്രോൾ, റഡാർ അധിഷ്ഠിത അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സംവിധാനം, ബ്ലൈൻഡ്സ്പോട്ട് വാണിങ് തുടങ്ങിയവയുമുണ്ട്.
2023 ജനുവരിയിൽ വിതരണം ആരംഭിക്കുന്ന ആറ്റോ 3യുടെ ബുക്കിങ് ആരംഭിച്ചു. 50,000 രൂപ നൽകി ഡീലർമാരിലൂടെയോ കമ്പനി വെബ്സൈറ്റിലൂടെയോ ബുക്ക് ചെയ്യാം. 35 മുതൽ 38 ലക്ഷം രൂപവരെയാണ് പ്രതീക്ഷിക്കപ്പെടുന്ന ഓൺറോഡ് വില.