വാഷിങ്ടണ്‍: 250,000 ട്വിറ്റര്‍ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി നീക്കം ചെയ്യാന്‍ യുഎസ് ഭരണകൂടം ആവശ്യപ്പെട്ടതായി ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക്. മാധ്യമപ്രവര്‍ത്തകരുടെയും കനേഡിയന്‍ ഉദ്യോഗസ്ഥരുടെയും ഉള്‍പ്പെടെയുളള ട്വിറ്റര്‍ അക്കൗണ്ടുകള്‍ പിന്‍വലിക്കണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം ആരോപിച്ചു.
മാധ്യമപ്രവര്‍ത്തകനായ മാറ്റ് തൈബ്ബിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയ കമ്പനിയായ ട്വിറ്ററും സര്‍ക്കാര്‍ ഏജന്‍സികളും തമ്മിലുള്ള ബന്ധത്തെ തുറന്നുകാണിക്കുന്നതാണ് മസ്‌ക്കിന്റെ ഈ പുതിയ വെളിപ്പെടുത്തല്‍ എന്നാണ് ആക്ഷേപം. റഷ്യയുടെ ഇടപെടലിനെ വേട്ടയാടാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ ട്വിറ്ററിന്‍മേല്‍, യുഎസ് ഗവണ്‍മെന്റ് ശക്തമായി സമ്മര്‍ദം ചെലുത്തിയിരുന്നു എന്ന് തൈബ്ബി വെളിപ്പെടുത്തിയതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കൊറോണ വൈറസിനെ ഒരു എഞ്ചിനീയറിംഗ് ബയോവെപ്പണ്‍ എന്ന് വിശേഷിപ്പിക്കുന്ന അക്കൗണ്ടുകള്‍, വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ഗവേഷണങ്ങളെ കുറ്റപ്പെടുത്തുന്ന അക്കൗണ്ടുകള്‍, കൊവിഡ് ഉറവിടത്തെ ചോദ്യം ചെയ്യുന്ന അക്കൗണ്ടുകള്‍, രണ്ടോ അതിലധികമോ ചൈനീസ് നയതന്ത്ര അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്ന അക്കൗണ്ടുകള്‍ തുടങ്ങിയവ താല്‍ക്കാലികമായി നീക്കം ചെയ്യണമെന്ന് യുഎസ് ഭരണകൂടം ആവശ്യപ്പെട്ട അക്കൗണ്ടുകളില്‍ ഉള്‍പ്പെടുന്നതെന്നാണ് വെളിപ്പെടുത്തല്‍.
STORY HIGHLIGHTS: Twitter CEO Elon Musk Says US Government Has Asked Him To Temporarily Remove 250,000 Twitter Accounts