റിലീസ് അടുക്കെ ഷാരൂഖ് ഖാൻ ചിത്രം ‘പത്താന്’ കുരുക്ക്. ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്തിയ ശേഷം തിയേറ്ററിൽ എത്തിക്കാനാണ് സെൻസർ ബോർഡിന്റെ നിർദേശം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി)യാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. ജനുവരി 25നാണ് റിലീസ്.
ചിത്രത്തിലെ ഗാനങ്ങളില്‍ അടക്കം ചില ഭാഗങ്ങളില്‍ മാറ്റം വരുത്തി വീണ്ടും സര്ട്ടിഫിക്കേഷന് സമര്‍പ്പിക്കാന്‍ സിബിഎഫ്സി ചെയര്‍പേഴ്സണ്‍ പ്രസൂണ്‍ ജോഷി നിര്‍ദേശിച്ചുവെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ടിൽ പറയുന്നത്. അടുത്തിടെയാണ് സർട്ടിഫിക്കേഷനായി പത്താൻ സിബിഎഫ്സി കമ്മിറ്റിക്ക് മുന്നില്‍ എത്തിയത്. ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കൃത്യവും സമഗ്രവുമായ പരിശോധനയ്ക്ക് ശേഷമാണ് മാറ്റങ്ങള്‍ നിര്‍ദേശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പത്താനിലെ ആദ്യ വീഡിയോ ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് ചിത്രം വിവാദത്തിൽ പെട്ടത്. ഗാനരംഗത്തിൽ ഓറഞ്ച് ബിക്കിനി അണിഞ്ഞ ദീപികയുടെ കഥാപാത്രത്തെ, ഷാരൂഖിന്റെ കഥാപാത്രം തഴുകുന്നതാണ് ഒരു വിഭാഗംപേർ വിവാദമാക്കിയത്. ‘ബേഷരം റംഗ്’ എന്നാല്‍ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അര്‍ത്ഥമാക്കുന്നതെന്നും വ്യാഖ്യാനങ്ങളുണ്ടായി. ഹിന്ദു നാമധാരിയായ നടി ദീപികയെ, പത്താന് എന്ന് പേരുള്ള കഥാപാത്രം തഴുകുന്നത് നിഷ്കളങ്കമായി കാണാനാകില്ലെന്നാണ് ഇക്കൂട്ടരുടെ വാദം. ഷാരൂഖ് ഖാന്റെ കോലം കത്തിച്ചുള്ള പ്രതിഷേധങ്ങളും ചിലയിടങ്ങളില്‍ ഉണ്ടായി.
നാല് വർഷങ്ങൾക്കിപ്പുറം ഷാരൂഖ് നായകനാകുന്ന ചിത്രം എന്ന പ്രീ റിലീസ് ഹൈപ്പിന് ശേഷം, വിവാദങ്ങൾ ചിത്രത്തിന് വലിയ ബിസിനസ് സാധ്യതകൾ നൽകുന്നു എന്നാണ് റിപ്പോർട്ട്. ഇതിനോടകം പത്താന്റെ ഒടിടി അവകാശം കോടികൾക്ക് വിറ്റുപോയെന്നും റിപ്പോർട്ടുണ്ട്. ആമസോൺ പ്രൈം വീഡിയോ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയെന്നാണ് വിവരം. ബോളിവുഡിലെ ചില വൃത്തങ്ങളെ ഉദ്ധരിച്ച് സൂം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം 100 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം വാങ്ങിയത്.
Story Highlights: Central Censor Board advises changes in Pathaan movie and songs