ചണ്ഡീഗഢ്: വാടകഗര്‍ഭ ധാരണത്തിലൂടെ സ്വന്തമാക്കിയ കുഞ്ഞിനെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാന്‍ അനുവാദം തേടിയുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിനും പഞ്ചാബ് സര്‍ക്കാരിനും നോട്ടീസ് അയച്ച് പഞ്ചാബ്-ഹരിയാന കോടതി. അവിവാഹിതനായ ഹര്‍സിമ്രന്‍ സിംഗിന്റെ ഹര്‍ജിയിലാണ് കോടതിയുടെ അനുകൂല നടപടി. ഇന്ത്യയില്‍ കഴിയുന്ന കുഞ്ഞിനെ ഓസ്‌ട്രേലിയയിലേക്ക് ഒപ്പം കൂട്ടുന്നതിനായി ഹര്‍സിമ്രന്‍ വിസക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ കുഞ്ഞിനെ ഇന്ത്യയില്‍ നിന്നും മാറ്റുന്നതിന് അവകാശമുണ്ടെന്ന് കാണിക്കുന്ന കോടതി ഉത്തരവ് സമര്‍പ്പിക്കാനായിരുന്നു ഹര്‍സിമ്രിനോട് ഓസ്‌ട്രേലിയന്‍ ആഭ്യന്തര കാര്യമന്ത്രാലയം അറിയിച്ചത്. ഹര്‍ജിയില്‍ ഫെബ്രുവരി 2 ന് കൂടുതല്‍ വാദം കേള്‍ക്കും.
ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന ഹര്‍സിമ്രന്‍ സിംഗ് തന്റെ മൂന്ന് വയസുള്ള കുട്ടിയെ ഒപ്പം കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാല്‍ വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിന് രാജ്യം വിസ നിക്ഷേധിക്കുകയായിരുന്നു. ഒരു രക്ഷകര്‍ത്താവ് മാത്രമുള്ള വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയമം വ്യക്തമല്ലെന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഹര്‍ജിക്കാരനെ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടി കുട്ടിയെ ഇന്ത്യയ്ക്ക് പുറത്തേക്ക് കൊണ്ടുവരാനുള്ള അവകാശവും കുട്ടി എവിടെ താമസിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശവും ഉള്‍പ്പെടെ ഹരജിക്കാരന് കുട്ടിയുടെ മേല്‍ നിയമപരമായ കസ്റ്റഡി ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന കോടതി ഉത്തരവും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.
ഇതിന് പുറമേ വാടക ഗര്‍ഭധാരണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് കക്ഷികള്‍ക്കൊന്നും കുട്ടിയുടെ മേല്‍ നിയമപരമായ അവകാശമില്ലെന്ന് കോടതി ഉത്തരവില്‍ വ്യവസ്ഥ ചെയ്യണമെന്നും ഓസ്‌ട്രേലിയന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകനായ ഗഗന്‍ ഒബ്‌റോയിയും അഡ്വക്കേറ്റ് അയ്‌ന വാസുദേവയുമാണ് ഹര്‍സിമ്രന് വേണ്ടി ഹാജരായത്.
Story Highlights: Man’s Plea Seeking Permission To Take Surrogate Child To Australia