ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗുസ്തി ദേശീയ പരിശീലകര്‍ വനിതാ താരങ്ങളെ വര്‍ഷങ്ങളായി പീഡിപ്പിച്ചിരുന്നതായും വധഭീഷണി വരെ ഉയര്‍ത്തിയിരുന്നതായും ഫോഗട്ട് ആരോപിച്ചു. ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ്ഭൂഷന് ശരണ്‍ സിംഗും ചൂഷണത്തിനിരയാക്കിയെന്നും അവര്‍ ആരോപിച്ചു.
എനിക്കറിയാവുന്ന 20ഓളം പെണ്‍കുട്ടികള്‍ ചൂഷണത്തിനിരയായി. ഇപ്പോള്‍ ഇത് പറയാന്‍ കാരണം നാളെ താന്‍ ജീവിച്ചിരിക്കുമോയെന്ന് ഉറപ്പില്ലാത്തതിനാലാണ്. ഗുസ്തി ഫെഡറേഷന് വളരെ ശക്തമാണെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ സംസാരിക്കുകയായിരുന്നു ഫോഗട്ട്. ബ്രിജ്ഭൂഷന് ശരണ്‍ സിംഗിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
ഞങ്ങളുടെ പ്രതിഷേധം ഗുസ്തി ഫെഡറേഷനെതിരെയല്ല. അതിന്റെ പ്രവര്‍ത്തന രീതിക്കെതിരെയാണ്. ഗുസ്തി താരങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് പ്രതിഷേധം. ഇതില്‍ രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയ നേതാവ് പോലും ഇവിടെ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നില്ലെന്നും ഫോഗട്ട് പറഞ്ഞു.
കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമാണ് വിനേഷ് ഫോഗട്ട്. ബ്രിജ്ഭൂഷണ് ശരണ്‍ സിംഗിനെ പുറത്താക്കാതെ ഒരു രാജ്യാന്തര മത്സരങ്ങളിലും തങ്ങള്‍ പങ്കെടുക്കില്ലെന്ന് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ബജ്രരംഗ് പൂനിയ പറഞ്ഞു.
Story Highlights: vinesh poghat raised some serious allegations against the Wrestling Federation of India (WFI) and its president Brijbhushan Sharan Singh