ന്യൂഡൽഹി: ബാങ്കോക്ക്-ഇന്ത്യ വിമാനത്തിൽ യാത്രക്കാർ തമ്മിൽ തർക്കവും കയ്യാങ്കളിയും. കാബിൻ ക്രൂവിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ യാത്രക്കാരൻ വിസമ്മതിച്ചതിനെത്തുടർന്നാണ് തർക്കം നടന്നത്. തായ്‌ലൻഡിൽ നിന്ന് കൊൽക്കത്തയിലേക്കു പോകുന്ന തായ് സ്മൈൽ എയർവേ വിമാനത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ടേക്ക്-ഓഫിന് മുമ്പായി സീറ്റുകൾക്രമീകരിക്കാൻ യാത്രക്കാരോട് ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാരിലൊരാൾ ശരീര വേദനയെത്തുടർന്ന് സീറ്റ് ക്രമീകരിക്കാൻ വിസമ്മതിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ജീവനക്കാർ സീറ്റുകൾ ക്രമീകരിക്കാനായി ആവർത്തിച്ച് അഭ്യർത്ഥിക്കുകയും സുരക്ഷയെ കുറിച്ചും വിസമ്മതിച്ച യാത്രക്കാരനോട് വ്യക്തമാക്കി കൊടുക്കുകയും ചെയ്തു. ചാരിയിരിക്കുന്നതിലുളള ബുദ്ധിമുട്ടുകളും ജീവനക്കാർ വീശദീകരിച്ച് കൊടുത്തു. എന്നാൽ യാത്രക്കാരൻ ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കാൻ തയ്യാറായില്ല.
തുടർന്ന് നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ക്യാപ്റ്റനെ അറിയിക്കേണ്ടതായി വരുമെന്ന് ജീവനക്കാർ അദ്ദേഹത്തോട് പറഞ്ഞു. ക്യാപ്റ്റനെ അറിയിച്ചാലും സീറ്റ് ക്രമീകരിക്കില്ലെന്ന് അയാൾ ജീവനക്കാരോട് പറഞ്ഞു. യാത്രക്കാരിൽ ഒരാൾ ഇയാൾക്കെതിരെ പരാതി ഉന്നയിക്കാൻ തുടങ്ങി. തുടർന്ന് യാത്രക്കാർ തമ്മിൽ തർക്കമുണ്ടാവുകയും ഉടൻ തന്നെ ആക്രമണത്തിൽ കലാശിക്കുകയും ചെയ്തു. സീറ്റ് ക്രമീകരിക്കാൻ വിസമ്മതിച്ച യാത്രക്കാരനെ മറ്റു യാത്രക്കാർ മർദിക്കാനായി ശ്രമിക്കുന്നതാണ് വീഡിയോയിലൂടെ പ്രചരിക്കുന്നത്. ഇയാൾ തിരിച്ചടിക്കാതെ സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതും വിമാനത്തിലെ ജീവനക്കാർ ആക്രമണം തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ക്യാപ്റ്റനെ വിവരം അറിയിച്ചതിനെ തുടർന്ന് ടേക്ക് ഓഫ് വൈകുകയായിരുന്നെന്നുമാണ് എയർലെൻസിന്റെ റിപ്പോർട്ട്. അക്രമം അവസാനിച്ചയുടൻ തന്നെ യാത്രക്കാർ സീറ്റുകളിലേക്ക് മടങ്ങുകയും വിമാനം കൊൽക്കത്തയിലേക്ക് തിരിക്കുകയും ചെയ്തു. സംഭവത്തിൽ യാത്രക്കാർക്ക് പരുക്കേറ്റിട്ടിലെന്ന് ജീവനക്കാർ ഉറപ്പുവരുത്തി. വിമാനത്തിലെ യാത്രക്കാർക്ക് മദ്യം നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ആക്രമണത്തിന്റെ വീഡിയോ പകർത്തിയ രണ്ട് യാത്രക്കാരോട് വീഡിയോ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടു. ആക്രമണം നടന്നിട്ടും അതിൽ ഉൾപ്പെട്ട ഒരു യാത്രക്കാരെയും വിമാനത്തിൽ നിന്ന് ഇറക്കിവിടാതെ യാത്ര തുടരുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
ആക്രമണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ അതിൽ ഉൾപ്പെട്ടവരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് പലരും അഭിപ്രായപ്പെട്ടു. സംഭവം വ്യോമയാന സുരക്ഷ നിരീക്ഷിക്കുന്ന ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തായ് എയർവേയ്‌സ് വിമാനത്തിൽ യാത്രക്കാർ തമ്മിലുണ്ടായ തർക്കം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് സംഭവത്തിൽ ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ബ്യൂറോ ഡയറക്ടർ ജനറൽ സുൽഫിഖർ ഹസൻ അറിയിച്ചു.
STORY HIGHLIGHTS: dispute in flight on bankok india hitmen should be put on the no fly list