തിരുവനന്തപുരം: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വിര നശീകരണ ഗുളികയുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടറാണ് വ്യാജപ്രചരണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പൊതുജനാരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
കുഞ്ഞുങ്ങളെ കൊല്ലാന്‍ വേണ്ടിയാണ് ഗുളിക നല്‍കുന്നതെന്നാണ് സോഷ്യല്‍മീഡിയയിലെ ഒരു വിഭാഗം പ്രചരണം നടത്തുന്നത്. കുഞ്ഞുങ്ങളെ കൊല്ലാനാണ് ഗുളിക നല്‍കുന്നതെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു സ്ത്രീയുടെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ”ചെറിയ ഗുളിക അംഗന്‍വാടി കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. കുഞ്ഞുങ്ങളെ കൊല്ലാന്‍ വേണ്ടിയാണ് ഗുളിക നല്‍കുന്നത്. രക്ഷിതാക്കള്‍ പ്രതികരിക്കണം. കുഞ്ഞുങ്ങളെ കൊല്ലാന്‍ വിട്ടു കൊടുക്കരുത്. വിര ശല്യം മാറാനുള്ള ഗുളിക എന്നാണ് അവര്‍ പറയുന്നത്. കുഞ്ഞുങ്ങള്‍ക്ക് വിര ശല്യം വരാതിരിക്കാന്‍ നമ്മള് ആറു മാസത്തിലൊരിക്കല്‍ ഗുളിക കൊടുക്കുന്നുണ്ട്.”-വീഡിയോയില്‍ പറയുന്നു.
ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ ഒന്ന് മുതല്‍ 19 വയസു വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കിയത്. കൊക്കപ്പുഴു ഉള്‍പ്പെടെയുള്ള വിരകളെ നശിപ്പിക്കുവാന്‍ ആല്‍ബന്‍ഡസോള്‍ ഗുളിക ഫലപ്രദമാണ്. ആറുമാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുന്നത് വിളര്‍ച്ച തടയുകയും കുട്ടികളുടെ ശാരീരിക വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യുമെന്നും മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഒന്ന് മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് സ്കൂളുകളിലും അങ്കണവാടികളിലും വച്ചാണ് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ വിതരണം ചെയ്യുന്നത്. 1 വയസു മുതല്‍ 2 വയസു വരെയുള്ള കുട്ടികള്‍ക്ക് അര ഗുളിക (200 മി.ഗ്രാം)യും 2 മുതല്‍ 3 വയസു വരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളിക (400 മി.ഗ്രാം)യും തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അലിയിച്ച് കൊടുക്കണം. 3 മുതല്‍ 19 വരെ പ്രായമുള്ള കുട്ടികള്‍ ഒരു ഗുളിക (400 മി.ഗ്രാം) ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. ഉച്ച ഭക്ഷണത്തിനു ശേഷമാണ് ഗുളിക കഴിക്കേണ്ടത്. അസുഖങ്ങള്‍ ഉള്ളവരും മറ്റ് മരുന്ന് കഴിക്കുന്ന കുട്ടികളും ഗുളിക കഴിക്കേണ്ടതില്ല. കുട്ടികള്‍ ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ കഴിച്ചു എന്ന് മാതാപിതാക്കളും, അധ്യാപകരും ഉറപ്പാക്കണം. ജനുവരി 17ന് ഗുളിക കഴിക്കാന്‍ കഴിയാത്തവര്‍ ജനുവരി 24ന് ഗുളിക കഴിക്കേണ്ടതാണ്.
വിരകള്‍: മനുഷ്യ ശരീരത്തില്‍ സാധാരണ കാണുന്ന വിരകള്‍ ഉരുളന്‍ വിര (റൗണ്ട് വേം), കൊക്കപ്പുഴു ( ഹുക്ക് വേം), കൃമി (പിന് വേം), നാട വിര (ടേപ്പ് വേം), ചാട്ട വിര (വിപ് വേം) തുടങ്ങിയവയാണ്.
വിരബാധ ലക്ഷണങ്ങള്‍: വിരബാധ ഒരാളില്‍ വിളര്‍ച്ച, ഉത്സാഹക്കുറവ്, ക്ഷീണം, ശ്രദ്ധക്കുറവ്, പഠനത്തില്‍ പിന്നാക്കം പോവുക, പോഷകക്കുറവ്, വിശപ്പില്ലായ്മ, ഭാരക്കുറവ്, വയറുവേദന, തലകറക്കം, ഛര്‍ദ്ദി, വയറിളക്കം എന്നിവയുണ്ടാക്കും.
വിരബാധയുടെ ലക്ഷണങ്ങള്‍: മലദ്വാരത്തില്‍ ചൊറിച്ചില്‍, മലത്തില്‍ വിരകള്‍ കാണപ്പെടുക, ഛര്‍ദ്ദിലില്‍ വിരകള്‍ കാണപ്പെടുക, വിളര്‍ച്ച, തളര്‍ച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവ്, മലബന്ധം, വയറുവേദന, മലത്തില്‍ രക്തം കാണുക എന്നിവയാണ് വിരബാധയുടെ രോഗലക്ഷണങ്ങള്‍
വിരബാധ പകരുന്നതെങ്ങനെ?: നഖം കൊണ്ട് ചൊറിഞ്ഞ ശേഷം നഖം കടിക്കുകയോ കൈ കഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുക, മണ്ണില്‍ കളിക്കുക, ഈച്ചകള്‍ വഴി, മലം കലര്‍ന്ന വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കുക എന്നിവ വഴി വിരബാധ പകരാം.
വിരബാധ എങ്ങനെ തടയാം?: ഭക്ഷണത്തിന് മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, ടോയ്ലറ്റ് ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, മനുഷരുടെയും മൃഗങ്ങളുടെയും വിസര്‍ജ്ജ്യങ്ങള്‍ ശരിയായി സംസ്കരിക്കുക, മാംസം നന്നായി പാചകം ചെയ്ത് മാത്രം ഉപയോഗിക്കുക, കുട്ടികളുടെ നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക. അടിവസ്ത്രങ്ങള്‍ ദിവസവും മാറ്റുക, വീടിന് പുറത്ത് പോകുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക, ഭക്ഷണം അടച്ച് സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം പാടില്ല, ആറുമാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുക.