തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ ഡയറക്ടറെ കണ്ടെത്താന്‍ മൂന്നംഗ സേര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ച് സര്‍ക്കാര്‍. വികെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടിവി ചന്ദ്രന്‍ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. ശങ്കര്‍ മോഹന്റെ രാജി സര്‍ക്കാര്‍ സ്വീകരിച്ചെന്നും മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പഠനസംബന്ധിയായ മറ്റു വിഷയങ്ങള്‍ പരിഗണിക്കുമെന്നും ഈ സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ച് പഠനപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്നെന്നും മന്ത്രി ബിന്ദു അറിയിച്ചു.
മന്ത്രി ആര്‍ ബിന്ദു പറഞ്ഞത്: കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികള്‍ ഗൗരവമുള്ള ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ത്ഥി താല്പര്യവും സാമാന്യനീതിയും ഉറപ്പാക്കണമെന്നതാണ് തുടക്കംതൊട്ട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം. വ്യവസ്ഥാപിതമായി അവ അന്വേഷിക്കപ്പെട്ടു. ആദ്യം ഉദ്യോഗസ്ഥ തലത്തിലും തുടര്‍ന്ന് ബഹു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, ഉന്നതതല കമീഷന്റെ മുന്‍കയ്യിലും അന്വേഷണം നടന്നു.
വിദ്യാര്‍ത്ഥികളുടെ ഏറ്റവും പ്രധാന ആവശ്യം ഡയറക്ടര്‍ തല്‍സ്ഥാനത്ത് തുടരരുതെന്നായിരുന്നു. ഡയറക്ടര്‍ സ്ഥാനം രാജിവെക്കുന്നതായി ശ്രീ. ശങ്കര്‍ മോഹന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗണ്‍സില്‍ പ്രസിഡണ്ടു കൂടിയായ ബഹു. മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിയായ എനിക്കും കത്തു നല്‍കി. സര്‍ക്കാര്‍ കത്ത് വിശദമായി പരിശോധിക്കുകയും ശ്രീ. ശങ്കര്‍ മോഹന്റെ രാജി സ്വീകരിക്കുകയും ചെയ്തിരിക്കുകയാണ്.
ഇന്‍സ്റ്റിറ്റ്യൂട്ടിന് പകരം ഡയറക്ടറെ കണ്ടെത്താന്‍ മൂന്നംഗ സേര്‍ച്ച് / സിലക്ഷന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുകയാണ്. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശ്രീ. വി കെ രാമചന്ദ്രന്‍ കണ്‍വീനറും, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശ്രീ. ഷാജി എന്‍ കരുണ്‍, ചലച്ചിത്ര സംവിധായകന്‍ ശ്രീ. ടി. വി. ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായാണ് കമ്മിറ്റി. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പഠനസംബന്ധിയായ മറ്റു വിഷയങ്ങള്‍ പിറകെ അഭിസംബോധന ചെയ്യപ്പെടും. സമരം അവസാനിപ്പിച്ച് പഠനപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്നു.