തമിഴ് ചിത്രം ‘പിച്ചൈക്കാരൻ 2’ന്റെ ഷൂട്ടിങ്ങിനിടെ നടനും ഗായകനും സംഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് പരിക്ക്. മലേഷ്യയിൽ വെച്ച് തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. വിജയ് സുഖം പ്രാപിച്ച് വരികയാണെന്ന് തമിഴ് സംവിധായകൻ സി എസ് അമുദനും നിർമാതാവ് ധനഞ്ജയനും ട്വിറ്ററിലൂടെ അറിയിച്ചു. വിജയ് ആന്റണി തന്നെയാണ് പിച്ചൈക്കാരൻ 2 സംവിധാനം ചെയ്യുന്നത്.
മലേഷ്യയിലെ ലങ്കാവി ദ്വീപിൽ ബോട്ടിൽ വെച്ചുള്ള സംഘട്ടനരംഗം ചിത്രീകരിക്കവെയാണ് അപകടമുണ്ടായത്. വിജയ് സഞ്ചരിച്ചിരുന്ന ബോട്ട് നിയന്ത്രണംവിട്ട് ക്യാമറാസംഘം ഉണ്ടായിരുന്ന വലിയ ബോട്ടിൽ ഇടിക്കുകയായിരുന്നെന്ന് അണിയറപ്രവർത്തകരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അദ്ദേഹത്തെ ക്വലാലംപുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിജയ് ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിച്ചൈക്കാരൻ 2. അദ്ദേഹത്തിന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രം ‘പിച്ചൈക്കാരന്റെ’ രണ്ടാം ഭാഗമാണിത്. ശശിയാണ് ആദ്യഭാഗം സംവിധാനം ചെയ്തത്. മരണക്കിടക്കയിലുള്ള അമ്മയുടെ ആഗ്രഹപ്രകാരം കോടീശ്വരനായ നായകൻ 48 ദിവസം ഭിക്ഷക്കാരനായി ജീവിക്കുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. വിജയ് തന്നെയാണ് പിച്ചൈക്കാരൻ 2 ന്റെ സംഗീതസംവിധാനവും നിർമ്മാണവും.
Story Highlights: Actor Singer Vijay Antony met with a boat accident between shooting Pichaikkaran 2