ന്യൂഡല്‍ഹി: ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണലിനെതിരെ ഗൂഗിള്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കുമെന്ന് സുപ്രീംകോടതി. കോമ്പറ്റീഷന്‍ റെഗുലര്‍ 1337 കോടി രൂപയുടെ പിഴചുമത്തിയത് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഗൂഗിള്‍ സുപ്രീം കോടതിക്ക് ഹര്‍ജി നല്‍കിയത്.
വിപണിയില്‍ ശക്തമായ മേധാവിത്വം ഉറപ്പാക്കുന്നതിനായി ആന്‍ഡ്രോയ്ഡ് അധിഷ്ഠിത മൊബൈല്‍ ഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോമ്പറ്റീഷന്‍ റെഗുലര്‍ ഗൂഗിളിനെതിരെ പിഴചുമത്തിയത്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ സെര്‍ച്ച് ഡീഫോള്‍ട്ടായി നല്‍കാന്‍ നിര്‍മാണ കമ്പനികളെ പ്രേരിപ്പിച്ചെന്നതാണ് പരാതി.
രണ്ടാം തവണയും ഗൂഗിളിന് കോമ്പറ്റീഷന്‍ റെഗുലര്‍ പിഴ ചുമത്തിയിരുന്നു. വിപണിയിലെ മേധാവിത്വം ഉപയോഗിച്ച് കമ്പനിയുടെ പേമെന്റ് ആപ്പിനും പ്ലേ സ്‌റ്റോറിലെ പേമെന്റ് സംവിധാനത്തിനും പ്രചാരം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 936.44 കോടി രൂപയാണ് പിഴ നല്‍കിയത്.
ജനുവരി 19നകം പിഴ അടയ്‌ക്കേണ്ടതിനാല്‍ വിഷയം വേഗം പരിഗണിക്കണമെന്ന് സുപ്രീം കോടതിക്ക് ഗൂഗിള്‍ ഹര്‍ജി നല്‍കുകയായിരുന്നു. കോമ്പറ്റീഷന്‍ റെഗുലറിന്റെ നടപടി ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഉത്തരവ് പരിഗണിക്കുന്നത് തങ്ങള്‍ക്ക് പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി. നിലവിലുള്ള ആന്‍ഡ്രോയ്ഡ് സംവിധാനത്തില്‍ മാറ്റം വരുത്തിയാല്‍ ആയിരകണക്കിന് ആപ്പ് ഡെവലപ്പര്‍മാരും 1100 നിര്‍മാതാക്കളുമായുള്ള ധാരണകള്‍ക്കെല്ലാം മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടാകുമെന്നും ഗൂഗിള്‍ പറഞ്ഞു.
STORY HIGHLIGHTS: The Supreme Court will consider the petition filed by Google against the National Company Law Appellate Tribunal on Monday