കാഠ്മണ്ഡു: രണ്ടു വയസുകാരിയെ ജീവിക്കുന്ന ദേവതയായി തെരഞ്ഞെടുത്ത് നേപ്പാൾ. ഹിന്ദു, ബുദ്ധ മത വിശ്വാസികൾ ഒരു പോലെ വിശ്വസിക്കുന്ന ആചാരം അനുസരിച്ചാണ് 2 വയസും 8 മാസവും പ്രായമുള്ള ആര്യതാര ഷാക്യയെ ജീവിക്കുന്ന ദേവതയായി തെരഞ്ഞെടുത്തത്. ചൊവ്വാഴ്ചയാണ് 2 വയസുകാരിയെ കുമാരി അഥവാ വെർജിൻ ഗോഡെസ് ആയി തെരഞ്ഞെടുത്ത ശേഷം പ്രദക്ഷിണമായി കാഠ്മണ്ഡുവിലെ ദർബാർ സ്ക്വയറിലെ തലേജു ഭാവനി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. രാജ്യത്തെ ഹിന്ദുമത വിശ്വാസികളുടെ ഏറ്റവും ദീർഘവും പ്രാധാന്യവുമുള്ള ആഘോഷങ്ങൾക്കിടെയാണ് കുമാരി ദേവതയെ തെരഞ്ഞെടുത്തത്. നേവാർ സമുദായത്തിലെ ഷാക്യ വംശത്തിൽ നിന്നുള്ള പെൺകുട്ടികളെയാണ് ജീവിച്ചിരിക്കുന്ന ദേവതയായി തെരഞ്ഞെടുക്കുന്നത്. രണ്ട് മുതൽ നാല് വരെ പ്രായമുള്ള പെൺകുട്ടികളെയാണ് ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്നത്. പരിക്കുകളില്ലാത്ത ചർമ്മം, മുടി, കണ്ണുകൾ, പല്ലുകളോട് കൂടിയതും ഇരുട്ടിനെ ഭയപ്പെടാത്തതുമായി രണ്ട് വയസ് മുതൽ നാല് വയസ് വരെ പ്രായമുള്ള പെൺകുട്ടികളെയാണ് വെർജിൻ ഗോഡെസ് ആയി തെരഞ്ഞെടുക്കപ്പെടാറ്. പുതിയ ദേവതയായി രണ്ട് വയസുകാരി അവരോധിക്കപ്പെട്ടതോടെ നിലവിൽ 11 വയസ് പ്രായമുള്ള മുൻ ദേവത കുമാരി തൃഷ്ണ ഷാക്യ ക്ഷേത്രത്തിന്റെ പിൻവാതിലിലൂടെ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങി.
അടുത്ത കുമാരിയായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് വയസുകാരി ഇനി വർഷങ്ങളോളം ഈ ക്ഷേത്രത്തിനുള്ളിലാവും കഴിയുക. സദാസമയവും ചുവന്ന് നിറത്തിലുള്ള വസ്ത്രമാണ് കുമാരിമാർ ധരിക്കുക. നെറ്റിയിൽ മൂന്നാം കണ്ണും വരച്ചായിരുന്നു തുടർന്നുള്ള രണ്ട് വയസുകാരിയുടെ ജീവിതം. വ്യാഴാഴ്ച മുതലാണ് കുമാരി ഹിന്ദു, ബുദ്ധ മത വിഭാഗത്തിലെ വിശ്വാസികളെ അനുഗ്രഹിക്കാൻ തുടങ്ങുക. വ്യാഴാഴ്ച കുമാരിയിൽ നിന്ന് അനുഗ്രഹം നേടാൻ നേപ്പാൾ പ്രസിഡന്റ് അടക്കമുള്ളവർ എത്തും. അവൾ ഇന്നലെ വരെ തന്റെ മകൾ മാത്രമായിരുന്നുവെന്നും എന്നാൽ എന്നാൽ ഇന്ന് മുതൽ ദേവതയാണെന്നുമാണ് രണ്ട് വയസുകാരിയുടെ പിതാവ് അനന്ത ഷാക്യ അന്തർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടിയെ ഗർഭം ധരിച്ച സമയം മുതൽ കുമാരി ആവുമെന്നതിന്റെ ലക്ഷണങ്ങൾ കുടുംബത്തിൽ ലഭിച്ചിരുന്നുവെന്നാണ് രണ്ട് വയസുകാരിയുടെ കുടുംബം അവകാശപ്പെടുന്നത്. തലേജു ദേവതയുടെ അവതാരമാണ് കുമാരിയെന്നാണ് നേപ്പാളിലെ വിശ്വാസം. ദീർഘമായ നടപടി ക്രമങ്ങളിലൂടെയാണ് കുമാരിമാരെ തെരഞ്ഞെടുക്കപ്പെടുന്നത്.
രണ്ട് വയസുകാരി ഇനി കഴിയുക ക്ഷേത്രത്തിൽ, സ്വകാര്യ വിദ്യാഭ്യാസത്തിനും ടിവി കാണാനും അനുമതി
കുടുംബത്തിൽ നിന്നുള്ള പെൺകുട്ടികൾ കുമാരികളാവുന്നത് വലിയ രീതിയിലുള്ള അനുഗ്രഹമായാണ് ഷാക്യ വംശത്തിലുള്ളവർ കരുതുന്നത്. എന്നാൽ ബാല്യകാലം ക്ഷേത്രത്തിനുള്ളിൽ വലിയ നിയന്ത്രണങ്ങളിൽ കഴിയേണ്ടി വരുന്ന കുട്ടികൾക്ക് പിന്നീട് സാധാരണ നിലയിലെ ജീവിതം സാധ്യമാകുന്നതിന് നിരവധി വെല്ലുവിളികൾ ഉണ്ടാവാറുണ്ട്. കുമാരിമാരായ പെൺകുട്ടികളെ പിന്നീട് വിവാഹം ചെയ്യുന്ന പുരുഷന്മാർ ചെറുപ്രായത്തിൽ മരണപ്പെടുമെന്നാണ് നേപ്പാളിലെ പ്രാദേശിക വിശ്വാസം. ഇതിനാൽ കുമാരിമാരായ പെൺകുട്ടികൾ ശേഷിക്കുന്ന ജീവിതകാലത്ത് അവിവാഹിതയായി തുടരുകയാണ് ചെയ്യാറ്.
കാലങ്ങളായുള്ള ആചാരം അനുസരിച്ച് കുമാരിമാർക്ക് ഔദ്യോഗിക വിദ്യാഭ്യാസം ലഭിക്കാറില്ല. ടിവി കാണാനും സ്വകാര്യ അധ്യാപകരെ വച്ച് ക്ഷേത്രത്തിനുള്ളിൽ വച്ച് വിദ്യാഭ്യാസം നൽകാനും എന്നാൽ അടുത്ത കാലത്തായി അചാരങ്ങളിൽ വിട്ടുവീഴ്ച നൽകിയിട്ടുണ്ട്. കുമാരി സ്ഥാനത്ത് നിന്ന് നീക്കപ്പെടുന്ന പെൺകുട്ടികൾക്ക് പതിനായിരം രൂപയോളം മാസ പെൻഷൻ സർക്കാർ നൽകുന്നുണ്ട്. രാജ്യത്ത് സർക്കാർ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനത്തേക്കാൾ ഉയർന്ന തുകയാണ് ഇത്.