സ്വന്തമായി ഒരു രാജ്യം സൃഷ്ടിക്കുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും സങ്കൽപ്പിച്ചിട്ടുണ്ടോ? വിചിത്രമായി തോന്നാം, പക്ഷേ ഒരു 20 വയസ്സുകാരൻ വിചിത്രമായ ഈ ആശയം യാഥാർത്ഥ്യമാക്കി. ബ്രിട്ടനിൽ നിന്നുള്ള ഡാനിയേൽ ജാക്‌സൺ എന്ന യുവാവാണ് സ്വയം പ്രഖ്യാപിത രാജ്യത്തിന്‍റെ പ്രസിഡണ്ടായി സ്വയം പ്രഖ്യാപിച്ചത്. ക്രൊയേഷ്യയ്ക്കും സെർബിയയ്ക്കും ഇടയിലുള്ള ഒരു തർക്ക ഭൂമിയാണ് ഡാനിയേൽ ജാക്‌സൺ സ്വന്തം രാജ്യമാക്കി മാറ്റിയത്.
‘ഫ്രീ റിപ്പബ്ലിക് ഓഫ് വെർഡിസ്’ (Free Republic of Verdis) എന്നറിയപ്പെടുന്ന ഈ ചെറിയ രാജ്യത്തിന് സ്വന്തമായി ഒരു പതാക, ഒരു മന്ത്രിസഭ, സ്വന്തം കറൻസി, ഏകദേശം 400 പൗരന്മാരുമുണ്ട്. അയൽ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കത്തിൽ പെട്ട് ആരും അവകാശപ്പെടാതെ കിടക്കുന്ന ‘പോക്കറ്റ് ത്രീ’ (Pocket Three) എന്ന ഭൂമിയാണ് ജാക്സൺ സ്വന്തം രാജ്യമാക്കി മാറ്റിയത്. 125 ഏക്കറിൽ താഴെ വിസ്തൃതിയുള്ള ഈ വനപ്രദേശം ഡാന്യൂബ് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
കൗമാരക്കാരായ സുഹൃത്തുക്കളുമായി ചേർന്ന് ജാക്സൺ നടത്തിയ ഒരു പരീക്ഷണമാണ് ഒരു സൂക്ഷ്മ രാഷ്ട്രത്തിന്‍റെ പിറവിക്ക് കാരണമായത്. 14 വയസ്സുള്ളപ്പോഴാണ് തന്‍റെ സ്വപ്നമായ വെർഡിസിന് വേണ്ടി പ്രവർത്തിച്ചു തുടങ്ങിയതെന്നാണ് ജാക്സൺ പറയുന്നത്. വാർത്താ ഏജൻസിയായ എസ്‌ഡബ്ല്യുഎൻഎസിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ഓസ്‌ട്രേലിയൻ വേരുകളുള്ള, ബ്രീട്ടിഷ് പൗരനായ ജാക്‌സൺ 2019 മെയ് 30 -നാണ് വെർഡിസിനെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഒരു ഡിജിറ്റൽ ഡിസൈനറായ ജാക്‌സൺ, ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ റോബ്‌ലോക്‌സിൽ വെർച്വൽ ലോകങ്ങൾ സൃഷ്ടിക്കുന്നതിൽ വിദഗ്ധനാണ്. എന്നാൽ, ഇപ്പോൾ സ്വന്തമായി ഒരു യഥാർത്ഥ രാജ്യം സൃഷ്ടിച്ചെടുത്തിരിക്കുകയാണ് 20 കാരൻ. ഇവിടുത്തെ ഔദ്യോഗിക ഭാഷകൾ ഇംഗ്ലീഷ്, ക്രൊയേഷ്യൻ, സെർബിയൻ എന്നിവയാണ്, കൂടാതെ യൂറോ കറൻസിയായി ഉപയോഗിക്കുന്നു. ക്രൊയേഷ്യൻ നഗരമായ ഒസിജെക്കിൽ നിന്ന് ബോട്ട് വഴിയാണ് വെർഡിസിൽ എത്തിച്ചേരാനുള്ള ഏക മാർഗം.
ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ജാക്സന്‍റെ സ്വയം പ്രഖ്യാപിത രാഷ്ട്ര (self-proclaimed country) നിർമ്മാണം. 2023 ഒക്ടോബറിൽ, ക്രൊയേഷ്യൻ പോലീസ് ജാക്‌സണെയും കുറച്ച് കുടിയേറ്റക്കാരെയും വെർഡിസിൽ നിന്ന് കസ്റ്റഡിയിലെടുത്തു, പിന്നീട് അവരെ നാടുകടത്തി, ക്രൊയേഷ്യയിൽ പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്തം വിലക്കി. ഇപ്പോഴും ‘പ്രവാസത്തിൽ കഴിഞ്ഞ് കൊണ്ട് തന്നെയാണ് ജാക്‌സൺ, വെർഡിസിനെ നിയന്ത്രിക്കുന്നത്. ക്രൊയേഷ്യയുമായി സമാധാനത്തിൽ പോകാനാണ് ആഗ്രഹിക്കുന്നതെന്നും ഈ സ്വയം പ്രഖ്യാപിത പ്രസിഡണ്ട് വ്യക്തമാക്കിയിട്ടുണ്ട്.
വെറും നാല് പേരുമായി തുടങ്ങിയ വെർഡിസ് ഇപ്പോൾ 400 ഔദ്യോഗിക പൗരന്മാരായി വളർന്നു. ആയിരക്കണക്കിന് പേർ പൗരത്വം എടുക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ജാക്സണ്‍ അവകാശപ്പെടുന്നു. ഈ കുഞ്ഞൻ – രാഷ്ട്രം സ്വന്തം പാസ്‌പോർട്ടുകൾ നൽകുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര യാത്രകൾക്കായി അവ ഉപയോഗിക്കരുത് എന്നാണ് ജാക്സൺ പൗരന്മാർക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. വെർഡിസിലേക്ക് മടങ്ങി വരുന്നതിൽ ജാക്സണ് ക്രൊയേഷ്യ വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും താൻ പ്രതീക്ഷയിലാണെന്നാണ് ഈ 20 -കാരൻ പറയുന്നത്.