പീക്ക് ലെവലിൽ നിൽക്കുകയാണ് മലയാള സിനിമ. ഒരുവർഷം പിറന്ന് നാല് മാസത്തിനുള്ളിൽ നേടിയത് മികച്ച നേട്ടം. ബോക്സ് ഓഫീസിൽ മാത്രമല്ല കണ്ടന്റിലും മേക്കിങ്ങിലും വിട്ടുവീഴ്ചയ്ക്ക് മോളിവുഡ് തയ്യാറല്ലെന്ന് ഉറപ്പിക്കുകയാണ് ഈ അവസരങ്ങളിൽ. ഇതര ഇന്റസ്ട്രികൾക്ക് പോലും കോമ്പിന്റീഷൻ വെയ്ക്കുന്ന നിലയിലേക്ക് മലയാള സിനിമ ഉയർന്നതിൽ അഭിമാനിക്കുകയാണ് ഓരോ മലയാളികളും.
200 കോടി ക്ലബ്ബ് സിനിമവരെ നേടിയ മലയാള സിനിമയിൽ വിഷു റിലീസ് ആയെത്തിയത് മൂന്ന് സിനിമകളാണ്. ഫഹദ് ഫാസിൽ ചിത്രം ആവേശം, വിനീത് ശ്രീനിവസന്റെ മൾട്ടി സ്റ്റാർ ചിത്രം വർഷങ്ങൾക്കു ശേഷം, ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ജയ് ഗണേഷ് എന്നിവയാണ് ആ സിനിമകൾ. റിലീസ് ദിനം മുതൽ മികച്ച പ്രകടം കാഴ്ചവച്ച് മുന്നേറിയത് വർഷങ്ങൾക്കു ശേഷവും ആവേശവും ആണ്. ഇതിൽ കളക്ഷന്റെ അടിസ്ഥാനത്തില്‍ ആവേശം ആണ് വിഷു വിന്നർ എന്ന് ഉറപ്പിക്കാനും കഴിയും.
ഏപ്രിൽ 11ന് ആയിരുന്നു സിനിമകൾ റിലീസ് ചെയ്തത്. മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയ ആവേശം സംവിധാനം ചെയ്തത് ജിത്തു മാധവൻ ആയിരുന്നു. ഇതുവരെ ചിത്രം നേടിയ കളക്ഷൻ 139 കോടിയാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ഇരുപത്തി രണ്ട് ദിവസം കൊണ്ട് ആഗോളതലത്തിൽ ചിത്രം നേടിയ കളക്ഷനാണിത്. കേരളത്തിൽ മാത്രം 67 കോടിയും ആവേശം നേടി.






























