ദ ഹേഗ്, നെതര്‍ലൻഡ്സ്: യുക്രെയ്ൻ യുദ്ധം മൂലം ഈ വര്‍ഷം ലോകത്തെ കുട്ടികളില്‍ നാലിലൊരാള്‍ ജീവിക്കുന്നത് ദാരിദ്ര്യരേഖയ്ക്കു താഴെ.
ഭക്ഷണത്തിന്‍റെയും എണ്ണയുടെയും വില ഉയര്‍ന്നതാണു കൂടുതലും കുട്ടികളെ ദാരിദ്ര്യത്തിലേക്കു തള്ളിയത്.
യുഎൻ ഏജൻസികളുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നെതര്‍ലൻഡ്സിലെ കിഡ്സ്റൈറ്റ്സ് ആണു റിപ്പോര്‍ട്ട് തയാറാക്കിയത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും കോവിഡ് മഹാമാരിയുടെയും അപകടസാധ്യത കുട്ടികള്‍ നേരിടുന്നു.
കിഡ്സ്റൈറ്റ് ഇൻഡെക്സില്‍ ലോകത്തെ 193 രാജ്യങ്ങളില്‍ സ്വീഡനാണു മുന്നില്‍. ചാഡ്, സൗത്ത് സുഡാൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണു കുട്ടികളുടെ അവകാശസംരക്ഷണത്തില്‍ ഏറ്റവും പിന്നില്‍. യുക്രെയ്നില്‍ റഷ്യ നടത്തിയ അധിനിവേശം ആഗോളതലത്തില്‍ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആക്കംകൂട്ടി. യുക്രെയ്നിലെ 75 ലക്ഷം കുട്ടികള്‍ നേരിടുന്ന ദുരിതത്തിനു സമാനതകളില്ല.
കോവിഡനന്തര വിലക്കയറ്റവും ആഗോള ആരോഗ്യരംഗത്തെ തകര്‍ച്ചയും പ്രതിരോധ കുത്തിവയ്പുകളെ ബാധിച്ചു. 2019നും 2021നും ഇടയില്‍ ലോകമൊട്ടാകെ 6.7ശതമാനം കുട്ടികള്‍ക്ക് പതിവ് വാക്സിനേഷൻ മുടങ്ങി. കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിച്ചത് ഏഷ്യയിലെ കുട്ടികളെയാണ്. സുഡാനിലെ ആഭ്യന്തരയുദ്ധവും അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കുന്നതും കിഡ്സ്റൈറ്റ്സ് ചൂണ്ടിക്കാട്ടുന്നു.
മഡഗാസ്കര്‍, നൈജര്‍ രാജ്യങ്ങളില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് ഉയര്‍ന്നു. ഈ രാജ്യങ്ങളില്‍ ബാലവേല നിരക്ക് ഉയരുകയും ചെയ്തു. ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് ഭയപ്പെടുത്തുന്നതാണെന്ന് കിഡ്സ്റൈറ്റ്സ് സ്ഥാപകനും ചെയര്‍മാനുമായ മാര്‍ക് ഡുള്ളെര്‍ട്ട് പറഞ്ഞു. നിലവിലെ മഹാവിപത്തില്‍നിന്നു കുട്ടികളെ സംരക്ഷിക്കാൻ സത്വര നടപടിയെടുക്കണമെന്ന് വിവിധ രാഷ്‌ട്രങ്ങളോടും സന്നദ്ധ സംഘടനകളോടും അദ്ദേഹം ആവശ്യപ്പെട്ടു.































