ടെല്‍ അവീവ് : രാജ്യത്തെ സുപ്രീംകോടതിയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള വിവാദ ജുഡിഷ്യല്‍ പരിഷ്കരണ ബില്ല് 18 മാസത്തേക്ക് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ മുൻ കാവല്‍ പ്രധാനമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ യെയ്ര്‍ ലാപിഡ്.
ഈ ആവശ്യം അംഗീകരിച്ചാല്‍ മാത്രമേ ബെഞ്ചമിൻ നെതന്യാഹു സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞാഴ്ചയാണ് വിവാദ ബില്ല് ഇസ്രയേല്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. ബില്ലിന്റെ വോട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിച്ചിരുന്നു. ക്യാബിനറ്റിന്റെയും മന്ത്രിമാരുടെയും യുക്തിസഹജമായ തീരുമാനങ്ങള്‍ക്ക് മേല്‍ സൂഷ്മപരിശോധന നടത്തുന്നതില്‍ നിന്ന് ഈ ബില്ല് കോടതികളെ വിലക്കുന്നു.
ബില്ല് പ്രകാരം പാര്‍ലമെന്റിലെ കേവല ഭൂരിപക്ഷത്തിന് സുപ്രീം കോടതി വിധികള്‍ അസാധുവാക്കാനുള്ള അധികാരം ലഭിക്കും. ഇത് അട്ടിമറി ഭയമില്ലാതെ നിയമനിര്‍മ്മാണങ്ങള്‍ നടപ്പാക്കാൻ സര്‍ക്കാരിനെ പ്രാപ്തമാക്കും. എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമായി തുടരുകയാണ്. ഇതിനിടെ പരിഷ്കരണങ്ങള്‍ നടപ്പാക്കിയാല്‍ ജോലി നിറുത്തിവയ്ക്കുമെന്ന് ആര്‍മി റിസര്‍വിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കിയതും നെതന്യാഹുവിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നു. നിയമം റദ്ദാക്കുന്നത് സംബന്ധിച്ച ഹര്‍ജികള്‍ സെപ്തംബറില്‍ പരിഗണിക്കുമെന്ന് സപ്രീംകോടതി അറിയിച്ചിട്ടുണ്ട്.































