സിയോള്‍ : ഉത്തരകൊറിയ ചാര ഉപഗ്രഹം വിക്ഷേപിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ദക്ഷിണകൊറിയ.
ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ സമാധാന കരാര്‍ആയ ഇന്റര്‍ കൊറിയൻ ഉടമ്ബടി താത്കാലികമായി നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്ന് ദക്ഷിണകൊറിയ മുന്നറിയിപ്പ് നല്‍കി. 2018 ലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉടമ്ബടിയിലേര്‍പ്പെട്ടത്.
ചാര ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ആദ്യ രണ്ട് ഉത്തരകൊറിയൻ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. മൂന്നാം ശ്രമം ഒക്ടോബറില്‍ നടത്തുമെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു എങ്കിലും വിക്ഷേപണം ഇതുവരെയും നടന്നില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ റഷ്യയുടെ സഹായം സ്വീകരിച്ച് വിക്ഷേപണം നടത്താനാണ് ഉത്തരകൊറിയ പദ്ധതി ഇടുന്നതെന്നും ദക്ഷിണ കൊറിയയിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ദക്ഷിണകൊറിൻ ജനതയുടെ ജീവനും സ്വത്തിനും നേരെയുള്ള ഏത് വെല്ലുവിളിയ്‌ക്കും കൃത്യമായ തിരിച്ചടി നല്‍കുമെന്ന് ദക്ഷിണകൊറിയൻ സൈനിക മേധാവി കാങ്ങ് ഹോപ്പില്‍ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഈ മാസം അവസാനം വിക്ഷേപണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദക്ഷിണകൊറിയൻ പ്രതിരോധ വകുപ്പ് മന്ത്രി കൊറിയൻ ഔദ്യോഗിക മാദ്ധ്യമങ്ങളിലൂടെ നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.
ഐക്യരാഷ്‌ട്രസംഘടന നല്‍കിയ മുന്നറിയിപ്പുകള്‍ പോലും കാറ്റില്‍ പറത്തിക്കൊണ്ടാണ് ഉത്തരകൊറിയൻ നീക്കം എന്ന് അമേരിക്കയുടെ ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് ആൻഡ്രിയാൻ വാട്‌സണ്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉത്തരകൊറിയയെ നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യം ലോകസമാധാനത്തിന് കനത്തവെല്ലുവിളിയാകും എന്ന അഭിപ്രായം പങ്കുവച്ചുകൊണ്ട് നിരവധി നയതന്ത്ര വിദഗ്ധരാണ് രംഗത്ത് വന്നിരിക്കുന്നത്.






























