മെൽബൺ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിനെ വിചാരണയ്ക്കായി യു.എസിലേക്ക് അയക്കരുതെന്ന് ഓസ്‌ട്രേലിയൻ പാർലമെന്റ്. ഇത് സംബന്ധിച്ച പ്രമേയം വ്യാഴാഴ്ച പാർലമെന്റ് പാസാക്കി. ജന്മനാടായ ഓസ്ട്രേലിയക്ക് അസാഞ്ജിനെ വിട്ടുതരണമെന്നാണ് പ്രമേയത്തിലെ ആവശ്യം. 86 പേർ അനുകൂലമായി വോട്ടുചെയ്തു. 42 പേർ എതിർത്തു.
അതേസമയം അസാഞ്ജിന്റെ വിചാരണ രമ്യമായി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു. ചാരപ്രവൃത്തിയുമായി ബന്ധപ്പെട്ട കേസിൽ വിചാരണയ്ക്കായി യു.എസിലേക്ക് നാടുകടത്തുന്നതിനെതിരേ അസാഞ്ജ് നൽകിയ അപ്പീൽ ബ്രിട്ടീഷ് ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാനിരിക്കേയാണ് നീക്കം.
അമേരിക്കയുമായി ബന്ധപ്പെട്ട രഹസ്യരേഖകളുടെ വെളിപ്പെടുത്തലിലൂടെയാണ് അസാഞ്ജും 2006-ൽ അദ്ദേഹം സ്ഥാപിച്ച വിക്കിലീക്സ് എന്ന സ്ഥാപനവും ശ്രദ്ധിക്കപ്പെടുന്നത്. അഫ്ഗാനിസ്താനിലും ഇറാഖിലും യു.എസ്. നടത്തിയ രഹസ്യപ്രവർത്തനങ്ങളുടെയും മനുഷ്യാവകാശലംഘനങ്ങളെയും സംബന്ധിച്ച രേഖകൾ വെളിപ്പെടുത്തിയതോടെ അദ്ദേഹം യു.എസിന്റെ നോട്ടപ്പുള്ളിയായി. 2010-ലാണ് അസാഞ്ജ് ബ്രിട്ടീഷ് പോലീസിൽ കീഴടങ്ങിയത്.






























