ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറെ വധിച്ച കേസിലെ പ്രതികളിലൊരാളായ കരണ്‍ ബ്രാർ (22) കാനഡയിലെത്തിയത് സ്റ്റുഡന്റ് വിസയിലെന്ന് റിപ്പോർട്ട്.
പഞ്ചാബിലെ ബതീൻഠയിലുള്ള ഒരു ഏജൻസി വഴിയാണ് ഇയാള്‍ അപേക്ഷ നല്‍കിയതെന്നും ദിവസങ്ങള്‍ക്കുള്ളില്‍ വിസ ലഭിച്ചെന്നും ഒരു കനേഡിയൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇക്കാര്യം വിശദീകരിക്കുന്ന ഒരു വീഡിയോ 2019ല്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. വിഷയത്തില്‍ കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക് മില്ലർ പ്രതികരിച്ചില്ല. 2020 മേയില്‍ കാനഡയിലെ എഡ്‌മണ്‍ടണില്‍ എത്തിയ ഇയാള്‍ കാല്‍ഗറിയിലെ ബോ വാലി കോളേജില്‍ അഡ്മിഷൻ നേടിയെന്നും പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബ്രാർ അടക്കം മൂന്ന് ഇന്ത്യക്കാരെ കാനഡ അറസ്റ്റ് ചെയ്തത്. കൊലപാതകം, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഇവരെ സറെയിലെ കോടതിയില്‍ ഹാജരാക്കി. നിരോധിത സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനായിരുന്ന നിജ്ജർ (45) കഴിഞ്ഞ ജൂണിലാണ് സറെയില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.






























